'ഒരുപക്ഷെ അയാള്‍ പറയുന്നത് ശരിയായിരിക്കാം';'തൂവാനത്തുമ്പികള്‍' ഭാഷാശൈലി വിഷയത്തില്‍ പത്മരാജന്റെ മകന്‍ അനന്ത പത്മനാഭനും പറയാനുണ്ട്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 14 ഡിസം‌ബര്‍ 2023 (15:10 IST)
'തൂവാനത്തുമ്പികള്‍' എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ഭാഷാശൈലിയെക്കുറിച്ച് സംവിധായകന്‍ രഞ്ജിത്ത് നടത്തിയ പരാമര്‍ശം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഈ വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ച് സംവിധായകന്‍ പത്മരാജന്റെ മകന്‍ അനന്ത പത്മനാഭന്‍.

അനന്ത പത്മനാഭന്റെ വാക്കുകളിലേക്ക്

'നമ്മളൊക്കെ ഇഷ്ടപ്പെടുന്ന 'തൂവാനത്തുമ്പികളിലെ ലാലിന്റെതൃശ്ശൂര്‍ ഭാഷ ബോറാണ് ' എന്നത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സിനിമയെ അല്ല വിമര്‍ശിച്ചത്.
And maybe he's right.

ആ സ്ലാംഗില്‍ കടുംപിടിത്തം പിടിക്കാത്തത് തന്നെയാണ്. സാക്ഷാല്‍ ഉണ്ണി മേനോന്‍ അടക്കം അച്ഛന്റെ പഴയ തൃശ്ശൂര്‍ ബെല്‍റ്റ് എമ്പാടും ഇരിക്കെ അതിന് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. സമയവും ഉണ്ടായിരുന്നു.
പറഞ്ഞത് പോലെ ' പപ്പേട്ടന്‍ അങ്ങനെ ശ്രദ്ധിക്കാത്തത് ' തന്നെയാണ്. അതിനൊരു കാരണമുണ്ട്. മുമ്പ് 'അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ ' ഇറങ്ങിയപ്പോള്‍ അതിലെ കടുത്ത ഏറനാടന്‍ ഭാഷ തെക്കന്‍ ജില്ലക്കാര്‍ക്ക് പിടികിട്ടിയില്ല എന്നൊരു ആക്ഷേപം ഉയര്‍ന്നിരുന്നു. മൂപ്പനും , സുലൈമാനും, ഒക്കെ പറയുന്ന compromise ഇല്ലാത്ത ഏറനാടന്‍ മൊഴി പലര്‍ക്കും പിടി കിട്ടിയില്ല. നൂഹു അഭിനയിച്ച ഹൈദ്രോസ് എന്ന 'അരപ്പട്ട' പറയുന്ന മൊഴിയൊക്കെ ഇപ്പോഴും എനിക്ക് മുഴുവന്‍ തിരിഞ്ഞിട്ടില്ല. 'അരപ്പട്ട ' ക്ക് ഒരു മൊഴി വിദഗ്ധന്‍ ഉണ്ടായിരുന്നു. മറ്റാരുമല്ല സുലൈമാന് (റഷീദ്) ഡബ്ബ് ചെയ്ത സുരാസു തന്നെ. അദ്ദേഹം ചിത്രത്തില്‍ മാളുവമ്മയുടെ അനുജന്‍ ചായക്കടക്കാരനായി ഒന്ന് മിന്നി പോകുന്നുമുണ്ട്.

' തൂവാനത്തുമ്പികള്‍ ' വന്നപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിന്റെ മൊഴി ആളുകള്‍ക്ക് തിരിയാതെ പോകണ്ട എന്ന് പറഞ്ഞു തന്നെയാണ് dilute ചെയ്തത്. തിരക്കഥയുടെ ആദ്യ കേള്‍വിക്കാരി , തൃശ്ശൂര്‍ മൊഴി നന്നായി അറിയുന്ന അമ്മ തന്നെ ' ഇങ്ങനൊന്നുമല്ല പറയ്യാ ' എന്ന് പറഞ്ഞപ്പോള്‍ , 'നിങ്ങളതില്‍ ഇടപെടണ്ടാ ' എന്ന് അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട് -

2012 ലെ പത്മരാജന്‍ പുരസ്‌ക്കാരം 'ഇന്ത്യന്‍ റുപ്പീ 'ക്ക് സ്വീകരിച്ചു കൊണ്ട് രണ്‍ജിയേട്ടന്‍ പ്രസംഗിച്ച വാക്കുകള്‍ മനസ്സില്‍ മുഴങ്ങുന്നുണ്ട്. ' പുതിയ തലമുറ,the so called new generation, ഒരു തീര്‍ത്ഥാടനത്തിലാണ്. പത്മരാജന്‍ എന്ന ഹിമാലയത്തിലേക്ക്, ആ മലമൂട്ടില്‍ ഒരു ഒണക്കച്ചായക്കടയും നടത്തി ജീവിച്ചു പോകുന്ന ഒരു കച്ചവടക്കാരന്‍ മാത്രമാണ് ഞാന്‍ ''
കല്ലില്‍ കൊത്തി വെച്ച പോലെ ആ വാക്കുകള്‍ മനസ്സിലുണ്ട്.

That's on record.
I know where He has placed Achan and the Respect he is having.

ഇതിന്റെ പേരില്‍ ഒരു വിമര്‍ശനം ആവശ്യമില്ല.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :