അക്കാലത്ത് മോഹന്‍ലാലിനേക്കാള്‍ താരമൂല്യം അംബികയ്ക്കുണ്ടായിരുന്നു; സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ ലാല്‍ വാങ്ങിയത് ഒരു ലക്ഷം രൂപ

രേണുക വേണു| Last Modified ശനി, 17 ജൂലൈ 2021 (10:20 IST)

മോഹന്‍ലാലിന് സൂപ്പര്‍സ്റ്റാര്‍ പരിവേഷം നല്‍കിയ സിനിമയാണ് രാജാവിന്റെ മകന്‍. തമ്പി കണ്ണന്താനമാണ് രാജാവിന്റെ മകന്‍ സംവിധാനം ചെയ്തത്. ഡെന്നീസ് ജോസഫിന്റേതായിരുന്നു തിരക്കഥ. 1986 ജൂലൈ 17 നാണ് മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ ആക്കിയ രാജാവിന്റെ മകന്‍ തിയറ്ററുകളിലെത്തിയത്. റിലീസിങ് ദിവസത്തെ നൂണ്‍ഷോ കഴിഞ്ഞപ്പോള്‍ തന്നെ മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാര്‍ ആയി മാറിക്കഴിഞ്ഞെന്നാണ് തമ്പി കണ്ണന്താനം പറയുന്നത്.

അംബികയായിരുന്നു രാജാവിന്റെ മകനില്‍ മോഹന്‍ലാലിന്റെ നായിക. അന്ന് അംബികയ്ക്ക് മോഹന്‍ലാലിനേക്കാള്‍ താരമൂല്യം ഉണ്ടായിരുന്നു. കമല്‍ഹാസനൊപ്പം നായികയായി അഭിനയിച്ചതിനാലാണ് അംബികയുടെ താരമൂല്യം ഉയര്‍ന്നത്. എന്നാല്‍, രാജാവിന്റെ മകന് ശേഷം മോഹന്‍ലാലിന്റെ താരമൂല്യം അതിവേഗം ഉയര്‍ന്നു. അംബികയ്ക്ക് ഒന്നേകാല്‍ ലക്ഷം രൂപ പ്രതിഫലം നല്‍കണമെന്ന് അംബികയുടെ അമ്മ കല്ലറ സരസമ്മ സംവിധായകന്‍ തമ്പിയോട് പറഞ്ഞു. അഭിനയം തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞ് അംബിക പറഞ്ഞു 'എനിക്ക് ഒരു ലക്ഷം തന്നാല്‍ മതി' എന്ന്. അംബികയ്ക്ക് അന്ന് ഒരു ലക്ഷം രൂപയാണ് പ്രതിഫലം നല്‍കിയത്.

മോഹന്‍ലാലിനോട് എന്തു പ്രതിഫലം വേണമെന്ന് തമ്പി ചോദിച്ചു. ''അണ്ണാ അണ്ണന്റെ സിനിമ. അണ്ണന്‍ തീരുമാനിക്ക്'' എന്നാണ് മോഹന്‍ലാല്‍ മറുപടി പറഞ്ഞത്. അംബികയ്ക്ക് നല്‍കിയ ഒരു ലക്ഷം രൂപ തന്നെ മോഹന്‍ലാലിനും പ്രതിഫലമായി നല്‍കി. എന്നാല്‍, രാജാവിന്റെ മകന്‍ സൂപ്പര്‍ഹിറ്റ് ആയതോടെ മോഹന്‍ലാലിന്റെ താരമൂല്യം കുത്തനെ കൂടി. പിന്നീട് മോഹന്‍ലാലിന്റെ പ്രതിഫലം വര്‍ധിച്ചു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :