അമിതമായി വിയര്‍ക്കും, പള്‍സ് റേറ്റ് കുറയും, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഓര്‍മ നഷ്ടപ്പെടും; പുനീത് രാജ്കുമാറിന് സംഭവിച്ച കാര്‍ഡിയാക് അസിസ്റ്റോള്‍ എന്താണ്?

രേണുക വേണു| Last Modified ശനി, 30 ഒക്‌ടോബര്‍ 2021 (11:03 IST)

കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ മരണത്തിനു കാരണമായത് ശക്തമായ ഹൃദയാഘാതമാണ്. കാര്‍ഡിയാക് അസിസ്റ്റോള്‍ എന്നാണ് ഇത് അറിയപ്പെടുക. ഹൃദയമിടിപ്പ് പൂര്‍ണമായി നിലയ്ക്കുന്ന അവസ്ഥയാണ് ഇത്. പുനീതിനെ ചികിത്സിച്ച ബെംഗളൂരു വിക്രം ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ.രംഗനാഥ് നായക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അക്യൂട്ട് ഹാര്‍ട്ട് അറ്റാക്കാണ് പുനീതിന് ആദ്യം സംഭവിച്ചത്. അപ്പോള്‍ അദ്ദേഹം ജിമ്മില്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. നെഞ്ചില്‍ വേദന അനുഭവപ്പെട്ടതും പുനീത് കുടുംബ ഡോക്ടറുടെ അടുത്തെത്തി. അവിടെ നിന്നാണ് വിക്രം ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നത്. തങ്ങളുടെ അടുത്തെത്തുമ്പോള്‍ പുനീതിന് കാര്‍ഡിയാക് അസിസ്റ്റോള്‍ സംഭവിച്ചതായി ഡോ.രംഗനാഥ് നായക് പറയുന്നു.

ഇടതു വെന്‍ട്രിക്കിള്‍ മിടിക്കുമ്പോഴാണ് ഹൃദയത്തിലേക്ക് രക്തം പമ്പു ചെയ്യപ്പെടുന്നത്. ഈ പമ്പിങ്ങിന്റെ താളം തെറ്റുമ്പോഴാണ് ഹൃദയതാളം തെറ്റുന്ന അവസ്ഥ ഉണ്ടാകുന്നത്. ഹൃദയത്തില്‍ കുറച്ച് ഇലക്ട്രിസിറ്റി ഉല്‍പാദിപ്പിക്കുന്നുണ്ട്. ആ ഇലക്ട്രിസിറ്റി ഇടത് വെന്‍ട്രിക്കിളിലേക്ക് എത്തും. ഈ ഇലക്ട്രിസിറ്റി ഉപയോഗിച്ചാണ് വെന്‍ട്രിക്കിള്‍ മിടിക്കുന്നത്. ഇലക്ട്രിക്കല്‍ കണ്ടക്ടിവിറ്റിക്ക് എന്തെങ്കിലും തകരാറു സംഭവിച്ചാല്‍ ഹൃദയത്തിന്റെ താളം തെറ്റും. ഇതാണ് പുനീതിന് സംഭവിച്ചത്. ഹൃദയത്തിലെ ഇലക്ട്രിസിറ്റി പ്രവര്‍ത്തനം നിലച്ചതും ഹൃദയമിടിപ്പ് പൂര്‍ണമായി താളം തെറ്റി. ഏറെ കഴിയും മുന്‍പ് ഹൃദയമിടിപ്പ് നിലച്ചു. ഹൃദയത്തിലേക്കുള്ള രക്തം പമ്പ് ചെയ്യലും ഇതോടെ നിന്നു. അതിസങ്കീര്‍ണമായ അവസ്ഥയാണ് ഇത്. തുടക്കത്തില്‍ തന്നെ വൈദ്യസഹായം തേടിയാല്‍ മാത്രമേ ജീവന്‍ തിരിച്ചുപിടിക്കാന്‍ സാധിക്കാന്‍.

കാര്‍ഡിയാക് അസിസ്റ്റോള്‍ സംഭവിച്ചോ എന്ന് അറിയാന്‍ ഇസിജി (ഇലക്ട്രോ കാര്‍ഡിയോ ഗ്രാം) എടുത്ത് നോക്കണം. ഹൃദയമിടിപ്പ് അറിയാനാണ് ഇത്. ഇസിജിയില്‍ കാണിക്കുന്നത് നേര്‍രേഖയാണെങ്കില്‍ ഹൃദയമിടിപ്പ് നിലച്ചു എന്നാണ് അര്‍ത്ഥം. ഹൃദയമിടിപ്പ് തിരിച്ചുകൊണ്ടുവരാന്‍ ഷോക്ക് തെറാപ്പി അടക്കമുള്ള ചികിത്സാ രീതികളുണ്ട്. പുനീത് രാജ്കുമാറിനും ഷോക്ക് തെറാപ്പി ചെയ്തു. എന്നാല്‍, ഹൃദയത്തിലെ ഇലക്ട്രിസിറ്റി ഉല്‍പ്പാദനം തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ല. ഇതാണ് മരണത്തിലേക്ക് നയിച്ചത്.

പള്‍സ് റേറ്റ് കുറയുക, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഓര്‍മ നഷ്ടപ്പെടല്‍, ശരീരം അസാധാരണമായി വിയര്‍ക്കല്‍, നെഞ്ചില്‍ അസ്വസ്ഥത, ശരീരത്തിനു തളര്‍ച്ച, ഹൃദയമിടിപ്പ് അസാധാരണമായി കൂടിയ ശേഷം കുറയുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. നെഞ്ചില്‍ ഇത്തരം അസ്വസ്ഥതകള്‍ തോന്നിയാല്‍ ഉടന്‍ വൈദ്യസഹായം തേടണം.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :