അഭിറാം മനോഹർ|
Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2022 (19:47 IST)
ഓണക്കാലമെന്നാൽ മലയാളികൾക്ക് ആഘോഷക്കാലമാണ്. ഈ ആഘോഷം പൂർണമാവണമെങ്കിൽ ഓണത്തിനിറങ്ങുന്ന സിനിമകൾ കൂടി കാണേണ്ടതുണ്ട്. അതിനാൽ തന്നെ ബോക്സോഫീസിൽ വലിയ ചിത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന കാലം കൂടിയാണ് ഓണക്കാലം. മമ്മൂട്ടി മോഹൻലാൽ ചിത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു പണ്ട് ഓണക്കാലത്തിൻ്റെ ആവേശമെങ്കിൽ ഇത്തവണ സൂപ്പർ താരങ്ങളുടേതായി ഒരു ചിത്രവും പുറത്ത് വരുന്നില്ല.
ഒറ്റ്: സെപ്റ്റംബർ 2
തീവണ്ടി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഫെല്ലിനി സംവിധാനം ചെയ്യുന്ന ബൈലിംഗ്വൽ ചിത്രമാണ് ഒറ്റ്. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനോടൊപ്പം അരവിന്ദ് സ്വാമിയും പ്രധാനവേഷത്തിലെത്തുന്നു. തമിഴിൽ രെണ്ടകം എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
പാൽതു ജാൻവർ: സെപ്റ്റംബർ 2
ശ്യാം പുഷ്കരൻ,ദിലീഷ് പോത്തൻ,ഫഹദ് ഫാസിൽ എന്നിവരുടെ നിർമാണകമ്പനിയായ ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ബേസിൽ ജോസഫ് ചിത്രമായ പാൽതു ജാൻവർ ഒരു ഫീൽ ഗുഡ് ചിത്രമായാണ് ഒരുങ്ങുന്നത്. നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബേസിൽ ജോസഫാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഗോൾഡ്:
സെപ്റ്റംബർ 8
പ്രേമം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പുറത്തിറങ്ങുന്ന അൽഫോൺസ് പുത്രൻ സിനിമ. പൃഥ്വിരാജും നയൻതാരയും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. പ്രേമത്തിന് ശേഷമുള്ള അൽഫോൺസ് പുത്രൻ
സിനിമ എന്നതിനാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം.
പത്തൊമ്പതാം നൂറ്റാണ്ട്: സെപ്റ്റംബർ 8
ആറാട്ടുപുഴ വേലായുധൻ എന്ന ചരിത്ര കഥാപാത്രത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന സിനിമ. പത്തൊമ്പതാം നൂറ്റാണ്ടിലെ ജാതിവ്യവസ്ഥയും അതിനെതിരെ ആറാട്ടുപുഴ വേലായുധൻ എന്ന യോദ്ധാവ് നടത്തിയ പോരാട്ടവുമാണ് സിനിമ പറയുന്നത്. തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സിജു വിൽസണാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഒരു തെക്കൻ തല്ല് കേസ് സെപ്റ്റംബർ 8
ജി ഇന്ദുഗോപൻ്റെ അമ്മിണിപിള്ള വെട്ടുകേസ് എന്ന ചെറുകഥയെ ആസ്പദമാക്കി നവാഗതനായ ശ്രീജിത് എൻ ഒരുക്കുന്ന ചിത്രത്തിൽ ബിജു മേനോൻ,നിമിഷ സജയൻ,റോഷൻ മാത്യു,പത്മപ്രിയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.