നിതീഷ് തിവാരിയുടെ രാമായണം ഒരുങ്ങുന്നത് മൂന്ന് ഭാഗങ്ങളിലായി, രാമനാകാൻ രൺബീർ വാങ്ങുന്നത് എത്രയെന്നോ?

അഭിറാം മനോഹർ| Last Modified തിങ്കള്‍, 8 ഏപ്രില്‍ 2024 (18:11 IST)
ഏറെ നാളുകളായുള്ള കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. 3 ഭാഗങ്ങളിലായി വരുന്ന സിനിമയില്‍ രാമനായി രണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയുമാണ് അഭിനയിക്കുന്നത്. യാഷ് ആയിരിക്കും സിനിമയില്‍ രാവണന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ സിനിമയ്ക്കായി അയോദ്ധ്യയില്‍ 11 കോടി മതിക്കുന്ന സെറ്റാണ് പണിതിരിക്കുന്നത്. സിനിമയുടെ ഷൂട്ട് ഇവിടെയാണ് ആരംഭിച്ചിരിക്കുന്നത്.

അനിമല്‍ എന്ന സിനിമയുടെ വമ്പന്‍ വിജയത്തിന് ശേഷം രണ്‍ബീര്‍ ചെയ്യുന്ന സിനിമയായതിനാല്‍ തന്നെ വലിയ പ്രതിഫലമാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് ഭാഗങ്ങളിലേക്കുമായി 250 കോടി രൂപ പ്രതിഫലമാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രഹ്മാസ്ത്രയില്‍ താരം വാങ്ങിയതിലും ഇരട്ടിതുകയാണിത്. സിനിമയില്‍ നായികയാകാനായി 18-20 കോടി വരെയാണ് സായ് പല്ലവി ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഓരോ ഭാഗത്തിനും 6 കോടി രൂപയാണ് സായ് പല്ലവിയുടെ പ്രതിഫലം.

കെജിഎഫിന്റെ വമ്പന്‍ വിജയത്തിന് ശേഷം ചെയ്യുന്ന സിനിമയില്‍ മൂന്ന് ഭാഗങ്ങള്‍ക്കുമായി 150 കോടി രൂപയാണ് യാഷ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഫലത്തെ പറ്റിയുള്ള വാര്‍ത്തകള്‍ ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നെങ്കിലും ഇതില്‍ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. സണ്ണി ഡിയോളായിരിക്കും സിനിമയില്‍ ഹനുമാനായി എത്തുക. കൈകേയിയായി ലാറാ ദത്തയുമെത്തും. നവീന്‍ പോളിഷെട്ടിയാണ് സിനിമയില്‍ ലക്ഷ്മണനാകുന്നത്. ആമിര്‍ഖാന്റെ മകനായ ജുനൈദ് ഖാനും സിനിമയില്‍ ഭാഗമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :