രാജ്യത്തെ സിനിമാമേഖലയും ലോക്ക്ഡൗണിലേക്ക്, സെൻസറിങ് നടപടികൾ നിർത്തിവെക്കുകയാണെന്ന് സെൻസർ ബോർഡ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 24 മാര്‍ച്ച് 2020 (14:44 IST)
കൊവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ സാഹചര്യത്തിൽ രാജ്യത്തെ സിനിമകളുടെ സെൻസറിങ്ങ് നടപടികൾ നിർത്തിവെക്കുകയാണെന്ന് സിബിഎഫ്‌സി. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഈ മാസം 31 വരെ തിരുവനന്തപുരം ഉൾപ്പടെയുള്ള സെന്‍സര്‍ ബോര്‍ഡിന്‍റെ റീജിയണല്‍ ഓഫീസുകള്‍ അടച്ചിടും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ ചെയർമാൻ പ്രസൂൺ ജോഷി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കര്യം വ്യക്തമാക്കിയത്.

നിലവില്‍ സെന്‍സറിംഗ് നടപടികള്‍ പുരോഗമിക്കുന്ന എല്ലാ ചിത്രങ്ങളുടെയും സ്ക്രീനിംഗ് നിര്‍ത്തിവെക്കാനാണ് നിർദേശം. അതേസമയം ഓൺലൈൻ രജിസ്ട്രേഷൻ,സൂക്ഷ്മ പരിശോധന എന്നിവ നടക്കും.ഇത്തരം ജോലികൾ ചെയ്യുന്ന ജീവനക്കാരോട് ജോലികൾ വീട്ടിലിരുന്ന് ചെയ്യാനാണ് നിർദേശം. ഈ മാസം 31ന് അപ്പോഴത്തെ സാഹചര്യം വിലയിരുത്തിയതിന് ശേഷമേ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കയുള്ളു.

അതേസമയം സിനിമകളുടെ രജിസ്ട്രേഷന്‍ സ്വീകരിക്കുന്നത് ഈ മാസം 31 വരെ നിര്‍ത്തിവെക്കാന്‍ കേരള ഫിലിം ചേംബറും തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ തിയേറ്ററുകളും മൾട്ടിപ്ലക്സുകളും നേരത്തെ തന്നെ അടച്ചിരുന്നു. സിനിമാ ചിത്രീകരണങ്ങളും നിർത്തിവെച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :