‘എന്റെ അമ്മയെ വേശ്യയെന്ന് വിളിച്ചു, അനിയനെ തല്ലി’; വിശാലിനെതിരെ പൊട്ടിത്തെറിച്ച് മിഷ്‌കിന്‍

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 13 മാര്‍ച്ച് 2020 (14:17 IST)
വൻ വിജയമായ തുപ്പരിവാലന്റെ രണ്ടാം ഭാഗത്തിനായി വിശാലും മിഷ്കിനും ഒന്നിച്ചിരുന്നു. എന്നാൽ, ചിത്രത്തിന്റെ എൺപത് ശതമാനവും ചിത്രീകരിച്ചതിനു ശേഷം ഇരുവരും തമ്മിൽ പിരിയുകയും ചിത്രം പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. പിന്നാലെ വിശാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എന്തുകൊണ്ടാണ് തുപ്പരിവാലൻ 2വിൽ നിന്നും പിന്മാറിയതെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ മിഷ്കിൻ. നടൻ വിശാലിനെതിരെ ഗുരുതരാമായ ആരോപണമാണ് മിഷ്കിൻ ഉന്നയിക്കുന്നത്. മറ്റൊരു പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് മിഷ്കിൻ ഇക്കാര്യം പറഞ്ഞത്. തന്റെ അമ്മയെ അസഭ്യം പറഞ്ഞുവെന്നും സഹോദരനെ ആക്രമിച്ചെന്നും മിഷ്‌കിന് പറയുന്നു‍. ഇതിന്റെയെല്ലാം തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും അദ്ദേഹം പറയുന്നു. മിഷ്കിന്റെ വാക്കുകൾ ഇങ്ങനെ:

സഹോദരനായി കണ്ട വിശാലിനു വേണ്ടിയാണ് എഴുതിയത്. അവനുവേണ്ടി എഴുതിയ രണ്ടാമത്തെ പടമായിരുന്നു അത്. 2018ൽ തുപ്പരിവാലൻ 1 റിലീസ് ആയി. ആ ചിത്രത്തിനായി എനിക്ക് കിട്ടിയ പ്രതിഫലം മൂന്ന് കോടി രൂപ. തമിഴകം ഒന്നാകെ വിശാലിനെ മോശക്കാരനായി കണ്ടപ്പോഴും അയാളെ സ്വന്തം സഹോദരനേക്കാൾ ചേർത്തുപിടിച്ച് നിർത്തിയ ആളായിരുന്നു ഞാൻ. നാല് ദിവസം കൊണ്ട് തീര്‍ക്കേണ്ട ക്ലൈമാക്‌സ് ഫൈറ്റ് ആറ് മണിക്കൂര്‍ കൊണ്ട് തീര്‍ത്താണ് തുപ്പരിവാലന്‍ ആദ്യഭാഗം റിലീസ് ചെയ്തത്. തുടര്‍ച്ചയായി വിശാലിന്റെ മൂന്ന് ഫ്‌ളോപ്പായിരുന്ന സമയത്താണ് തുപ്പരിവാലന്‍ വന്‍വിജയമായത്.

തുപ്പരിവാലന്‍ ടു പാന്‍ ഇന്ത്യന്‍ സിനിമയാക്കാമെന്നായിരുന്നു ആലോചിച്ചിരുന്നത്. ആ കഥ കേട്ട വിശാൽ കരഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് ‘ഈ കഥ എനക്ക് പോതും’ എന്ന് പറഞ്ഞു. ആദ്യം വന്ന നിർമാതാവിനെ ഒഴിവാക്കി ഞാൻ തന്നെ ചിത്രം നിർമിച്ചോളാ‍മെന്ന് വിശാൽ പറഞ്ഞു. അന്ന് തുടങ്ങിയതാണ് എന്റെ തലവിധി. 20 കോടിയോളം ചിലവാകും, നിനക്ക് കടമുള്ളത് കൊണ്ട് ഈ സിനിമ നീ ചെയ്യേണ്ടെന്ന് ഞാൻ പറഞ്ഞതാണ്. അടുത്ത സിനിമയായ ആക്ഷന്‍ നല്ല രീതിയില്‍ ഓടിയില്ലെങ്കില്‍ കടം വീണ്ടും കൂടുമെന്നും ഞാന്‍ പറഞ്ഞു. അവന് ഇത് നിർമിക്കണമെന്ന് വാശിയായി.

തിരക്കഥ പൂര്‍ത്തിയാക്കാന്‍ ഏഴ് ലക്ഷമാണ് ചെലവഴിച്ചത്. തിരക്കഥയെഴുതാൻ മാത്രം 35 ലക്ഷം മാത്രം ചെലവാക്കിയെന്നാണ് വിശാലിന്റെ ആരോപണം. അത് അദ്ദേഹം തെളിയിക്കണം. 13 കോടി രൂപ ഇതുവരെ ചെലവാക്കിയെന്നാണ് വിശാല്‍ പറഞ്ഞത്. അതിനും അദ്ദേഹം തെളിവ് പുറത്തുവിടട്ടേ. ഞാൻ ചെലവ് ചെയ്തതിന്റെ തെളിവെല്ലാം എന്റെ കൈയ്യിൽ ഉണ്ട്. 32 ദിവസം ഷൂട്ട് ചെയ്തിട്ടുണ്ട്. ഒരു ദിവസത്തേക്ക് 15 ലക്ഷം രൂപ ചെലവാക്കിയെന്നാണ് വിശാൽ പറഞ്ഞത്. കണക്കുകൂട്ടി നോക്കിയാൽ 32 ദിവസത്തേക്ക് 4 കോടി 50 ലക്ഷമാണ് വരിക. എത്രയൊക്കെ അഡ്ജസ്റ്റ് ചെയ്ത് ഇട്ടാലും 10 കോടി വരയേ വരൂ. എങ്ങനെയാണ് 13 കോടി ചെലവായതെന്ന് വിശാൽ തെളിയിക്കണം.

ഓരോ സ്ഥലത്തും ഞാൻ അപമാനിതനായി. ഞാന്‍ മകനായും അനിയനായും കരുതിയിരുന്നവൻ എന്റെ അമ്മയെ വേശ്യയെന്ന് വിളിച്ചു. ഞാൻ പറഞ്ഞു എന്ന് കരുതി ഉടൻ തന്നെ നിങ്ങൾ അത് വിശ്വസിക്കരുത്. പക്ഷേ എന്റെ കൈയ്യിൽ തെളിവുണ്ട്. അവൻ പറഞ്ഞതിന്റെ റെക്കോർഡ്. ഞാന്‍ അവന് എന്ത് ദ്രോഹമാണ് ചെയ്തത്. നല്ല കഥ എഴുതിക്കൊടുത്തത് ആണോ ഞാന്‍ ചെയ്തതാണോ തെറ്റ്. തെറ്റ് ചെയ്യുമ്പോഴെല്ലാം അത് തെറ്റാണെന്ന് പറഞ്ഞ് കൊടുത്തിരുന്നു.

ഒരു പ്രൊഡ്യൂസറും എനിക്ക് സിനിമ കൊടുക്കരുതെന്നാണ് അയാള്‍ പറഞ്ഞത്. അയാള്‍ ഒരു നിര്‍മ്മാതാവിന്റെ മകനായി ജനിച്ചവനാണ്. ഞാന്‍ ദരിദ്രനായ ഒരു തയ്യല്‍ക്കാരന്റെ മകനും. ഒരു വെള്ള പേപ്പറും പെന്‍സിലും കിട്ടിയാല്‍ എനിക്ക് കഥ എഴുതാനാകും. അതുമല്ലെങ്കില്‍ സിനിമാ പഠിപ്പിക്കാനാകും. എന്റെ സിനിമകള്‍ പറയും ഞാന്‍ ആരാണെന്ന്. പിസാസിൽ ഒരു പ്രേതത്തെ ദേവതയാക്കിയവനാണ് ഞാൻ. ഞാൻ മോശക്കാരനാണെന്ന് നീ പറയേണ്ട, സമൂഹത്തിനു അറിയാം.

എട്ട് മാസം ആലോചിച്ച്, 32 ദിവസം ഷൂട്ട് ചെയ്ത സിനിമയുടെ സംവിധാനമാണ് ഞാന്‍ കൈമാറിയത്. നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും സംഘടനയില്‍ ഞാന്‍ പരാതിയുമായി പോയിരുന്നെങ്കില്‍ അവന്‍ ഇന്ന് പോസ്റ്റര്‍ ഇറക്കുമായിരുന്നോ?. പൊറുക്കി പയ്യനാണ് അവന്‍. നീ എംജിആറോ കലൈഞ്ജറോ അല്ല വെറും പൊറുക്കി പയ്യനാണ്. നീ പ്രൊഡ്യൂസര്‍ കൗണ്‍സിലില്‍ എന്താണ് ചെയ്തത്. നിന്നെ ഈ സമൂഹം കാണുന്നുണ്ട്. കാര്യമില്ലാതെ എന്റെ അനിയനെ തല്ലിയവനാണ് വിശാല്‍. എന്റെ അമ്മയെ വേശ്യയെന്ന് വിളിക്കുമ്പോള്‍ എങ്ങനെ സിനിമ ഉപേക്ഷിക്കാതിരിക്കും?- വികാരഭരിതനായി മിഷ്കിൻ പറഞ്ഞവസാനിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :