രേണുക വേണു|
Last Modified വെള്ളി, 8 നവംബര്‍ 2024 (08:15 IST)
കുഞ്ഞിരാമന്റെ വീട്ടിലേക്ക് അപ്രതീക്ഷിത അതിഥിയായി ചന്തു ചേകവര്‍ എത്തി. അടുക്കളയില്‍ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന പഴക്കുലകള്‍ ചൂണ്ടി ചന്തു ചേകവര്‍ ചോദിച്ചു 'നിങ്ങളെന്താ ഇവന് തിന്നാല്‍ കൊടുക്കുന്നത്.' ചന്തു ചേകവരുടെ വിസിറ്റില്‍ ആദ്യമൊന്ന് കിടുങ്ങിയെങ്കിലും പ്രിയ സുഹൃത്തിന്റെ അധികാരത്തോടെയുള്ള ചോദ്യം കുഞ്ഞിരാമന് ഇഷ്ടപ്പെട്ടു. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും തന്റെ വീട് സന്ദര്‍ശിച്ചത് വളരെ രസകരമായാണ് നടന്‍ വി.കെ.ശ്രീരാമന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
പ്രമുഖ നിര്‍മാതാവ് രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗുരുവായൂരിലേക്ക് പോകവെയാണ് സുഹൃത്ത് ശ്രീരാമന്റെ വീട്ടില്‍ മമ്മൂട്ടി കയറിയത്. മമ്മൂട്ടിയുടെ സന്ദര്‍ശനത്തെ കുറിച്ച് ശ്രീരാമന്റെ വാക്കുകള്‍ ഇങ്ങനെ:
ഗുരുവായൂരൊരു കല്യാണത്തിന് പോണ വഴി കയറി വന്നതാ രണ്ടാളും കൂടി. വന്നതും അട്ക്കളയില്‍ വന്ന് നമ്മടെ തീയ്യത്തിയെ വെരട്ടി.
'നിങ്ങളെന്താ ഇവന് തിന്നാന്‍ കൊടുക്കുന്നത്?'
'ചോറും മീങ്കൂട്ടാനും പപ്പടം ചുട്ടതും. ചെലേപ്പൊ പയറുപ്പേരീം'
'പിന്നെ... ???'
'പിന്നെ പ്രത്യേകിച്ചൊന്നൂല്ലാ'
'പിന്നെന്തിനാണ് ഇത്രയും പഴക്കുലകള്‍? ഇവിടെ ആനയോ മറ്റോ ഉണ്ടോ? നിങ്ങള്‍ രണ്ടാളല്ലേ ഉള്ളൂ ഈ വീട്ടില്‍?'
'മൂപ്പരടെ പണിയാ, പറമ്പിലുള്ളത് പോരാഞ്ഞ് കുന്നംകുളത്തുള്ള പഴുന്നാന്‍ മാത്തൂന്റെ പീട്യേന്നും വേടിച്ചൊടന്ന് ഇബടെ ഞാത്തും.'
'ആരാ ഈ പഴുന്നാന്‍ മാത്തു?'
ചോദ്യം എന്നോടായിരുന്നു.
'പഴുന്നാന്‍ മാത്തൂന്റെ അപ്പന്‍ പഴുന്നാന്‍ ഇയ്യാവു ആണ് BC 60 ല്‍ കുന്നങ്കൊളത്ത് ബനാനാറിപ്പബ്ലിക്ക് സ്ഥാപിച്ചത്.'
'അപ്പോപ്പിന്നെ ഡെയ്‌ലി ഓരോ കുലവാങ്ങി ഞാത്തിക്കോ. ഇട്ടിക്കോരയുടെ ഒരു ഫോട്ടോ വെച്ച് മെഴുകുതിരിയും കത്തിച്ചോ'
അങ്ങനെ മല പോലെ വന്ന പ്രശ്‌നം. പെരുച്ചാഴിയെപ്പോലെ വെളിച്ചം കണ്ടമ്പരന്നു..!
പിന്നീട് പഴവും കഴിച്ചാണ് മമ്മൂട്ടിയും സുല്‍ഫത്തും വീട്ടില്‍ നിന്ന് മടങ്ങിയതെന്നും ശ്രീരാമന്‍ പോസ്റ്റിനു താഴെ കമന്റില്‍ പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയും ശ്രീരാമനും വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. മുന്‍പും മമ്മൂട്ടിയെ കുറിച്ച് ശ്രീരാമന്‍ എഴുതുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥയില്‍ മമ്മൂട്ടി ചന്തുവായി വേഷമിട്ടപ്പോള്‍ കുഞ്ഞിരാമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീരാമന്‍ ആണ്.