അരയും തലയും മുറുക്കി മോഹൻലാലും സംവിധാനത്തിന് ഇറങ്ങിയിരിക്കുകയാണ്, ബറോസ് രാജ്യാന്തര ശ്രദ്ധ നേടാൻ പോകുന്ന സിനിമ: മമ്മൂട്ടി

അഭിറാം മനോഹർ| Last Modified ബുധന്‍, 24 മാര്‍ച്ച് 2021 (13:30 IST)
ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ബറോസിന്റെ പൂജ ചടങ്ങുകൾ കാക്കനാട് നവോദയ സ്റ്റുഡിയോയിൽ പൂർത്തിയായി. സിനിമാമേഖലയിലെ പ്രമുഖ താരങ്ങളും സംവിധായകരുമെല്ലാം പൂജാ ചടങ്ങിൽ എത്തിയിരുന്നു. ഇതിൽ ഏറെ ശ്രദ്ധേയമായത് മറ്റൊരു സൂപ്പർ താരമായ മമ്മൂട്ടിയുടെ കൂടി സാന്നിധ്യമായിരുന്നു.

മോഹൻലാൽ ഒരുക്കുന്ന ചിത്രം രാജ്യാന്തര ശ്രദ്ധ നേടാൻ പോകുന്ന സിനിമയാണെന്ന് മമ്മൂട്ടി പറഞ്ഞു. മലയാള സിനിമയിൽ ഒരുപാട് നടന്മാർ സിനിമാസംവിധായകരായിട്ടുണ്ട്. മറ്റ് ഭാഷകളെ അപേക്ഷിച്ച് നമ്മളുടെ എണ്ണം കുറവാണ്. ഏറ്റവും അവസാനം വന്നത് പൃഥ്വിരാജാണ്. ഇപ്പോളിതാ അരയും തലയും മുറുക്കി മോഹൻലാലും സംവിധാനത്തിലോട്ട് കടന്നിരിക്കുകയാണ്.

എന്തായാലും അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ അനുഭവം ഈ സിനിമയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടായിരിക്കും. 40 വര്‍ഷത്തിലേറെയായി ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നു. സിനിമയുടെ വളര്‍ച്ചയും തകർച്ചയും എല്ലാം കണ്ടും കേട്ടുമാണ് ഞങ്ങൾ 40 വർഷം സഞ്ചരിച്ചത്. മോഹന്‍ലാല്‍ സംവിധായകനായി എന്നതിന് അപ്പുറത്തേക്ക്, അദ്ദേഹം സംവിധാനം ചെയ്യാന്‍ പോകുന്നത് ഒരു രാജ്യാന്തര ശ്രദ്ധ നേടാൻ പോകുന്ന സിനിമയാണ്.

എല്ലാവരിലേക്കും ഒരു പോലെ എത്തിച്ചേരുന്ന ഒരു കലാസൃഷ്ടിയായി ബറോസ് മാറും എന്ന് തന്നെയാണ് നമ്മള്‍ എല്ലാവരും വിശ്വസിക്കുന്നത്. ഈ സിനിമയുടെ ഭാഗമാകാന്‍ ഇവിടെ എത്തിച്ചേരാന്‍ സാധ്യമായത് തന്നെ ഭാഗ്യമായി ഞാന്‍ കാണുന്നു. അദ്ദേഹത്തിന് സർവ്വപിന്തുണയും ആശംസയും അറിയിക്കുന്നു. മമ്മൂട്ടി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :