മമ്മൂട്ടിയും പൃഥ്വിരാജും ചെയ്യേണ്ട സിനിമ, പിന്നീട് അത് ശ്രീനിവാസനും ദിലീപും ആയി; പാസഞ്ചര്‍ പിറന്നത് ഇങ്ങനെ

രേണുക വേണു| Last Modified ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (15:23 IST)

പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ സഹോദരനായി പൃഥ്വിരാജ് എത്തിയപ്പോള്‍ ആരാധകര്‍ക്കെല്ലാം അത് വലിയ ആവേശമായിരുന്നു. എന്നാല്‍, പോക്കിരിരാജയ്ക്ക് മുന്‍പ് തന്നെ മത്സരിച്ച് അഭിനയിക്കാന്‍ മമ്മൂട്ടിക്കും പൃഥ്വിരാജിനും ഒരു അവസരം ലഭിച്ചിരുന്നു. പലവിധ കാരണങ്ങളാല്‍ അത് നടന്നില്ല. 2009 ല്‍ പുറത്തിറങ്ങിയ പാസഞ്ചര്‍ എന്ന സിനിമയിലേക്കാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ മമ്മൂട്ടിയേയും പൃഥ്വിരാജിനെയും ആദ്യം പരിഗണിച്ചത്.

ശ്രീനിവാസന്‍, ദിലീപ്, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പാസഞ്ചറില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഏറെ പ്രേക്ഷക പ്രശംസ നേടിയ സിനിമ കൂടിയാണ് പാസഞ്ചര്‍.

പാസഞ്ചറില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രം ചെയ്യാന്‍ മമ്മൂട്ടിയെയും ദിലീപ് അവതരിപ്പിച്ച കഥാപാത്രത്തിനായി പൃഥ്വിരാജിനെയുമാണ് രഞ്ജിത്ത് ശങ്കര്‍ മനസില്‍ കണ്ടത്. ഇരുവരോടും സിനിമയുടെ കഥ പറയുകയും ചെയ്തു. എന്നാല്‍, പിന്നീട് പല കാരണങ്ങളാല്‍ മമ്മൂട്ടിക്കും പൃഥ്വിരാജിനും പാസഞ്ചറില്‍ അഭിനയിക്കാന്‍ സാധിച്ചില്ല. അതിനുശേഷമാണ് കറങ്ങിത്തിരിഞ്ഞ് ശ്രീനിവാസനിലും ദിലീപിനും എത്തിയതെന്ന് രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

അതേസമയം, പാസഞ്ചറിലെ നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രം സുരാജ് വെഞ്ഞാറമൂടിനെ കൊണ്ട് ചെയ്യിപ്പിക്കാനാണ് താന്‍ ആദ്യം വിചാരിച്ചിരുന്നതെന്നും പിന്നീട് ആ കഥാപാത്രം നെടുമുടി വേണു ചേട്ടന്‍ ചെയ്യുകയായിരിക്കും നല്ലതെന്നും ദിലീപ് തന്നോട് പറഞ്ഞതായും രഞ്ജിത്ത് ശങ്കര്‍ വെളിപ്പെടുത്തി.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :