മമ്മൂട്ടിക്ക് ഏറ്റവും ചേരുന്നത് നയൻതാര തന്നെ !

Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (18:49 IST)
ഭാസ്‌കർ ദി റാസ്‌കൽ വമ്പൻ ഹിറ്റായതോടെ പ്രേക്ഷകർക്ക് മറ്റൊരു കാര്യം കൂടി മനസിലായി. സമീപകാലത്ത് മമ്മൂട്ടിയുടെ നായികമാരിൽ ഏറ്റവും ജോഡിപ്പൊരുത്തമുള്ളത് നയൻതാരയ്ക്കാണ്. ഭാസ്‌കറിലെ മമ്മൂട്ടി- നയൻസ് കെമിസ്ട്രി ചിത്രത്തിൻറെ മഹാവിജയത്തിന് കുറച്ചൊന്നുമല്ല സഹായകമായത്.

'പുതിയ നിയമം' എന്ന സിനിമയിൽ മമ്മൂട്ടിക്ക് നായികയെ അന്വേഷിച്ചപ്പോൾ സംവിധായകൻ എ കെ സാജനും ആലോചിച്ചത് അതുതന്നെയാണ്. മമ്മൂട്ടിയുമായി നല്ല ചേർച്ചയുള്ള നായിക വേണം. അന്വേഷണം നയൻതാരയിൽ തന്നെ എത്തി. മമ്മൂട്ടിക്കൊപ്പം അവതരിപ്പിക്കാവുന്ന ഏറ്റവും പെർഫെക്‌ട് നായിക നയൻതാരയാണെന്ന് സാജൻ നിരീക്ഷിക്കുന്നു.

പുതിയ നിയമം ഒരു സോഷ്യൽ ത്രില്ലറാണ്. മിശ്രവിവാഹത്തിൻറെ പ്രശ്‌നങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. ലൂയിസ് പോത്തൻ എന്ന അഭിഭാഷകനായി മമ്മൂട്ടിയും ഭാര്യ വാസുകിയായി നയൻതാരയും അഭിനയിക്കുന്നു. ഷീലു ഏബ്രഹാമാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രമുഖ തിരക്കഥാകൃത്ത് എസ് എൻ സ്വാമി ചിത്രത്തിൽ വില്ലനായി വരുന്നു എന്നും റിപ്പോർട്ടുണ്ട്.

ധ്രുവം, അപരിചിതൻ, ദ്രോണ തുടങ്ങിയ മമ്മൂട്ടി സിനിമകൾക്ക് പിന്നിലെ പ്രധാന വ്യക്തി എ കെ സാജനാണ്. സാജൻ പുതിയ നിയമത്തിൻറെ കഥ പറഞ്ഞപ്പോൾ തന്നെ മറ്റ് സിനിമകളെല്ലാം മാറ്റിവച്ച് ഇതിൽ അഭിനയിക്കാൻ മമ്മൂട്ടി തയ്യാറാവുകയായിരുന്നു. എ കെ സാജൻറെ ചിത്രത്തിൽ നയൻസ് അഭിനയിക്കുന്നത് ഇതാദ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :