രേണുക വേണു|
Last Modified വ്യാഴം, 15 ജൂലൈ 2021 (10:35 IST)
മമ്മൂട്ടിയുടെ ഏറ്റവും കരുത്തുറ്റ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ തിരക്കഥാകൃത്താണ് എം.ടി.വാസുദേവന്‍ നായര്‍. ഒരു വടക്കന്‍ വീരഗാഥയാണ് ഈ കൂട്ടുക്കെട്ടില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട സിനിമ. എന്നാല്‍, മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ ഇന്നും തിളക്കത്തോടെ നില്‍ക്കുന്ന വളരെ സാധാരണക്കാരനായ ഒരു കഥാപാത്രത്തിനു എം.ടി. ജന്മം നല്‍കിയിട്ടുണ്ട്. 1994 ല്‍ പുറത്തിറങ്ങിയ സുകൃതമാണ് ആ സിനിമ. രവിശങ്കര്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മരണം കാത്തുകഴിയുന്ന രവിശങ്കറിന്റെ ആത്മസംഘര്‍ഷങ്ങളാണ് സുകൃതത്തിലൂടെ എം.ടി. അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തെ മമ്മൂട്ടി അവിസ്മരണീയമാക്കുകയും ചെയ്തു. ഹരികുമാര്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
സുകൃതത്തിന്റെ തിരക്കഥ മമ്മൂട്ടി വായിച്ചുനോക്കിയിട്ടു പോലുമില്ലെന്നാണ് സംവിധായകന്‍ ഹരികുമാര്‍ പറയുന്നത്. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹരികുമാര്‍ സുകൃതത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്. ഫോണിലൂടെയാണ് മമ്മൂട്ടിയെ സുകൃതത്തിന്റെ കഥാതന്തു അറിയിക്കുന്നത്. മരണം കാത്തുകിടക്കുന്ന കഥാപാത്രം ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ നേരിടുന്ന പ്രതിസന്ധിയാണ് സിനിമയുടെ പ്രമേയമെന്ന് മമ്മൂട്ടിയോട് പറഞ്ഞു. കഥാതന്തു കേട്ടതും 'ഇത് മതിയെടോ,' എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. പിന്നീട് മമ്മൂട്ടിക്ക് തിരക്കഥ മുഴുവന്‍ വായിക്കാന്‍ നല്‍കി. എന്നാല്‍, എം.ടി.യുടെ തിരക്കഥ മമ്മൂട്ടി വായിച്ചില്ല. വായിച്ചാല്‍ ശരിയാകില്ല. തിരക്കഥ മുഴുവന്‍ വായിച്ചാല്‍ മനസില്‍ ഞാന്‍ ഒാരോന്ന് രൂപപ്പെടുത്തി കൊണ്ടുവരും. അതുകൊണ്ട് എം.ടി. മനസില്‍ കണ്ടപോലെ പറഞ്ഞാല്‍ കഥ പറഞ്ഞാല്‍ മതിയെന്നാണ് മമ്മൂട്ടി തനിക്ക് മറുപടി നല്‍കിയതെന്നും ഹരികുമാര്‍ വെളിപ്പെടുത്തി.