മമ്മൂട്ടിയെ ഉദ്ദേശിച്ചിട്ട് ഒന്നും എഴുതാറില്ല; തുറന്നുപറഞ്ഞ് എം.ടി.വാസുദേവന്‍ നായര്‍

രേണുക വേണു| Last Modified വ്യാഴം, 15 ജൂലൈ 2021 (10:01 IST)

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടതാണ് മമ്മൂട്ടി-എം.ടി.വാസുദേവന്‍ നായര്‍ കൂട്ടുകെട്ട്. മമ്മൂട്ടിയുടെ സിനിമ കരിയറില്‍ ഏറ്റവും മികച്ച പത്ത് കഥാപാത്രങ്ങളില്‍ പലതും എം.ടി.വാസുദേവന്‍ നായരുടെ സംഭാവനയായിരിക്കും. മമ്മൂട്ടിക്ക് വേണ്ടിയാണോ തിരക്കഥകള്‍ എഴുതുന്നതെന്ന് പലരും എംടിയോട് ചോദിക്കാറുണ്ട്. എന്നാല്‍, അതിനുള്ള മറുപടി എംടി തന്നെ ഒരിക്കല്‍ നല്‍കി.

മമ്മൂട്ടിയെ ഉദ്ദേശിച്ചിട്ട് ഇതുവരെ താന്‍ ഒന്നും എഴുതിയിട്ടില്ലെന്നാണ് എംടി പറയുന്നത്. 'മമ്മൂട്ടിയെ ഉദ്ദേശിച്ച് ഒന്നും എഴുതാറില്ല. ഇന്ന നടന്റെ ഡേറ്റ് ഉണ്ട്. അയാള്‍ക്ക് പറ്റിയ സിനിമ ചെയ്യാം എന്ന് ആരും ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല. ഐ.വി.ശശിയോ ഹരിഹരനോ അങ്ങനെയൊരു കാര്യം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ പറഞ്ഞാല്‍ ഞാന്‍ കേള്‍ക്കുകയുമില്ല. മമ്മൂട്ടിയെ മനസില്‍ കണ്ട് ഒന്നും എഴുതിയിട്ടില്ല. പക്ഷേ, എഴുതി കഴിയുമ്പോള്‍ അത് മമ്മൂട്ടിക്ക് ചേരുന്ന കഥാപാത്രമാകുന്നു. കഥാപാത്രത്തിനു ഞാന്‍ നല്‍കുന്ന രൂപവും ഘടനയും ആകൃതിയും സംസാരവും ചലനശേഷിയുമൊക്കെ ഉണ്ട്. അതെല്ലാം കൃത്യമായി മമ്മൂട്ടിയില്‍ കാണുന്നു. അങ്ങനെയാണ് സിനിമകള്‍ ചെയ്യുന്നത്,' എം.ടി. പറഞ്ഞു.

നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ എം.ടി.വാസുദേവന്‍ നായരുടെ ജന്മദിനമാണ് ഇന്ന്. ചലച്ചിത്ര ലോകത്തെ നിരവധി പ്രമുഖര്‍ എം.ടി.ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. നിര്‍മാല്യം, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, അനുബന്ധം, പഞ്ചാഗ്നി, സുകൃതം, കേരളവര്‍മ്മ പഴശ്ശിരാജ തുടങ്ങി നിരവധി സിനിമകള്‍ക്ക് എംടി തിരക്കഥ രചിച്ചിട്ടുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :