നിഹാരിക കെ.എസ്|
Last Modified ശനി, 30 ഓഗസ്റ്റ് 2025 (11:10 IST)
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത കല്യാണി പ്രിയദർശൻ നായികയായെത്തിയ 'ലോക ചാപ്റ്റർ 1: ചന്ദ്ര'യ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററിൽ നിന്നും ലഭിക്കുന്നത്. 'ലോക' എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. സൂപ്പർഹീറോ ആയ 'ചന്ദ്ര' എന്ന് പേരുള്ള കഥാപാത്രത്തെയാണ് കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്നത്. ഈ വർഷത്തെ ഓണം കല്യാണിയും കൂട്ടരും തൂക്കി.
ഫാന്റസി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിവസം മുതൽ മികച്ച പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കൽക്കി സംവിധായകനും സാമന്തയും. ലോകയെ കുറിച്ചുള്ള ഒരു വാർത്ത പങ്കുവെച്ചുകൊണ്ടാണ് സാമന്ത ചിത്രത്തെ പ്രശംസിച്ചത്.
ലോക കാണാനെത്തിയിരിക്കുകയാണ് കൽക്കി സംവിധായകൻ നാഗ് അശ്വിൻ. ഗംഭീര സിനിമയാണെന്നും ചിത്രത്തിലെ അണിയറപ്രവർത്തകർക്ക് ആശംസകൾ നേർന്നുമാണ് നാഗ് അശ്വിൻ സിനിമ കാണുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
മലയാളത്തിലെ ആദ്യ ലേഡി സൂപ്പർഹീറോ ചിത്രമാണ് ലോക. മലയാളത്തിന്റെ മാർവൽ എന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. കല്യാണി പ്രിയദര്‍ശന്റെ മികച്ച പ്രകടനം തന്നെയാണ് ലോകയുടെ ആകര്‍ഷണം. മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ചിത്രമാണ് എന്നും മികച്ച ഇന്റര്‍വെല്‍ ബ്ലോക്കാണെന്നും അഭിപ്രായങ്ങള്‍ വരുന്നു.