Kuberaa Social Media Response: ധനുഷിന്റെ അസാധ്യ പ്രകടനം, രശ്‌മികയ്ക്ക് ഇത്ര നന്നായി അഭിനയിക്കാനറിയാമോ? ധനുഷിന്റെ കുബേരക്ക് മികച്ച അഭിപ്രായങ്ങൾ

ഇത്രയും മനോഹരമായി അഭിനയിക്കാനറിയാവുന്ന നടിയായിരുന്നോ രശ്‌മികയെന്നാണ് സിനിമ കണ്ടവർ ചോദിക്കുന്നത്.

നിഹാരിക കെ.എസ്| Last Updated: വെള്ളി, 20 ജൂണ്‍ 2025 (13:48 IST)
Kuberaa Movie
ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത തെലുങ്ക് ചിത്രം കുബേര തിയേറ്ററുകളിലെത്തി. ആദ്യ ഷോ കഴിഞ്ഞതും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. മികച്ച ഒരു ദൃശ്യാനുഭവമാണെന്നും ധനുഷിന്റെ അസാധ്യ പ്രകടനമാണ് ചിത്രത്തിന്റെ അടിത്തറയെന്നും പ്രേക്ഷകർ പറയുന്നു.

ധനുഷിനെ കൂടാതെ നാഗാർജ്ജുനയും ഗംഭീരമാക്കി. ആരാധകരെ ഞെട്ടിച്ചത് രശ്‌മിക മന്ദാന ആണ്. ഇത്രയും മനോഹരമായി അഭിനയിക്കാനറിയാവുന്ന നടിയായിരുന്നോ രശ്‌മികയെന്നാണ് സിനിമ കണ്ടവർ ചോദിക്കുന്നത്.

ഒരുപാട് പ്രതീക്ഷകളുമായാണ് കുബേര തിയേറ്ററിലെത്തുന്നത്, ആ പ്രതീക്ഷകൾ സിനിമ നിലനിർത്തുന്നുണ്ടെന്നാണ് ആദ്യം കണ്ടവരുടെ പ്രതികരണം. 'കുബേര ആളുകൾക്ക് ഇഷ്ടപ്പെടും പ്രത്യേകിച്ചും ധനുഷിന്റെ പ്രകടനം' എന്നാണ് ഒരാൾ എക്‌സിൽ കുറിച്ചത്. രോഹിത് കമ്മൂലയുടെ അടുത്തിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രമാണ് ഇത്. ക്ലൈമാക്‌സ് കുറച്ചുകൂടി ഭേദമാക്കാമെന്നു അഭിപ്രായപ്പെടുന്നവരെയും എക്‌സിൽ കാണാം. ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ കുബേരയിൽ ധനുഷിന്റെ പ്രകടനത്തിനാണ് മികച്ച അഭിപ്രായം ലഭിക്കുന്നത്.

ഇന്ന് റിലീസായ ചിത്രം കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. സുനിൽ നാരംഗ്, പുസ്‌കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കാർത്തിക ശ്രീനിവാസ് ആർ ആണ്. ചിത്രത്തിൽ ബോളിവുഡ് നടൻ ജിം സർഭ് ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :