രേണുക വേണു|
Last Modified വെള്ളി, 25 ഫെബ്രുവരി 2022 (12:00 IST)
1969 ല്‍ റിലീസ് ചെയ്ത കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച താരമാണ് കെ.പി.എ.സി.ലളിത. കഴിഞ്ഞ 50 വര്‍ഷത്തിനിടെ 550 ലേറെ സിനിമകളില്‍ ലളിത അഭിനയിച്ചു. കെ.പി.എ.സി.ലളിതയുടെ സിനിമ കരിയറിലെ മികച്ച സിനിമകള്‍ തിരഞ്ഞെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും മലയാളി നിര്‍ബന്ധമായും കണ്ടിരിക്കേണ്ട കെ.പി.എ.സി.ലളിതയുടെ അഞ്ച് മികച്ച സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം
1. അമരം
എ.കെ.ലോഹിതദാസിന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് 1990 ല്‍ റിലീസ് ചെയ്ത ഭരതം. മമ്മൂട്ടിയും മുരളിയും തകര്‍ത്തഭിനയിച്ച അമരത്തില്‍ ഭാര്‍ഗവി എന്ന അരയത്തിയുടെ വേഷത്തില്‍ കെ.പി.എ.സി. ലളിതയും മലയാളികളെ ഞെട്ടിച്ചു. ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ നടിക്കുള്ള ദേശീയ അവാര്‍ഡും അമരത്തിലെ അഭിനയത്തിലൂടെ ലളിത സ്വന്തമാക്കി.
2. മണിച്ചിത്രത്താഴ്
സ്വാഭാവിക അഭിനയം കൊണ്ട് ലളിത ഞെട്ടിച്ച കഥാപാത്രമാണ് മണിച്ചിത്രത്താഴിലേത്. ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് 1993 ലാണ് റിലീസ് ചെയ്തത്. ലളിതയുടെ കോമഡി വേഷം ഇന്നും മലയാളികളെ ചിരിപ്പിക്കുന്നു.
3. വീണ്ടും ചില വീട്ടുകാര്യങ്ങള്‍
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങള്‍ 1999 ലാണ് റിലീസ് ചെയ്തത്. തിലകന്‍-കെ.പി.എ.സി. ലളിത കോംബിനേഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്‌നേഹനിധിയും കാര്‍ക്കശ്യക്കാര്യയുമായ ഭാര്യയായും അമ്മയായും ലളിത മികച്ച പ്രകടനം നടത്തി.
4. കനല്‍ക്കാറ്റ്
വളരെ ദൈര്‍ഘ്യം കുറഞ്ഞ കഥാപാത്രമാണെങ്കില്‍ പോലും പ്രേക്ഷകരെ ചിരിപ്പിക്കാനും കരയിപ്പിക്കാനും നിമിഷങ്ങള്‍ മതിയെന്ന് ലളിത കാണിച്ചുതന്ന ചിത്രം. കനല്‍ക്കാറ്റിലെ ലളിതയുടെ ഓമന എന്ന കഥാപാത്രം പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. 1991 ലാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കനല്‍ക്കാറ്റ് റിലീസ് ചെയ്തത്.
5. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം
1998 ലാണ് രാജസേനന്‍ സംവിധാനം ചെയ്ത ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം റിലീസ് ചെയ്തത്. ചിത്രത്തിലെ ഇന്നസെന്റ്-കെ.പി.എ.സി. ലളിത കോംബിനേഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കൗസല്യ എന്ന കഥാപാത്രത്തെയാണ് ലളിത അവതരിപ്പിച്ചത്.