കിലുക്കത്തിന്‍റെ രണ്ടാം ഭാഗം ബോക്സോഫീസില്‍ വീണു, അതോടെ മമ്മൂട്ടിച്ചിത്രം വേണ്ടെന്നുവച്ചു!

BIJU| Last Modified ശനി, 1 ഡിസം‌ബര്‍ 2018 (15:39 IST)
കിലുക്കം മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ആ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം വന്നപ്പോള്‍ ഏവരും സംശയിച്ചു. ഇത് ഒന്നാം ഭാഗത്തിന് ചീത്തപ്പേരുണ്ടാക്കുമോ എന്ന്. സംശയിച്ചത് തന്നെ സംഭവിച്ചു. കിലുക്കം കിലുകിലുക്കം എന്ന പേരിലെത്തിയ ചിത്രം ബോക്സോഫീസ് ദുരന്തമായി മാറി.

ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം ആയിരുന്നു കിലുക്കത്തിന്‍റെ രണ്ടാം ഭാഗത്തിന് തിരക്കഥയെഴുതിയത്. ആ തിരക്കഥ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ മമ്മൂട്ടിയുടെ വമ്പന്‍ ഹിറ്റായ കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം ഭാഗത്തിന് തിരക്കഥയെഴുതാനുള്ള ഓഫറും ഉദയ് - സിബി ടീമിന് ലഭിച്ചു.

കിലുക്കം രണ്ടാം ഭാഗത്തിന്‍റെ റിലീസിന് ശേഷം കുഞ്ഞച്ചന്‍ രണ്ടാം ഭാഗത്തിലേക്ക് കടക്കാമെന്ന് കരുതിയിരിക്കുകയായിരുന്നു ഉദയനും സിബിയും. എന്നാല്‍ കിലുക്കം 2 തകര്‍ന്നടിഞ്ഞതോടെ ഉദയനും സിബിയും കുഞ്ഞച്ചന് രണ്ടാം ഭാഗമെന്ന ആശയം ഉപേക്ഷിച്ചു.

കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമെഴുതാന്‍ സംവിധായകന്‍ സുരേഷ്ബാബു പിന്നീട് രണ്‍ജി പണിക്കരെ സമീപിച്ചു. അദ്ദേഹത്തിന് താല്‍പ്പര്യമായിരുന്നു. എന്നാല്‍ രണ്‍ജി അഭിനയത്തിന്‍റെ തിരക്കിലേക്ക് കടന്നതോടെ അതും നടന്നില്ല.

ആ സാഹചര്യത്തിലാണ് മിഥുന്‍ മാനുവല്‍ തോമസ് ഇപ്പോള്‍ കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗവുമായി വരുന്നത്. ഉഗ്രന്‍ തിരക്കഥയാണ് രണ്ടം ഭാഗത്തിന്‍റേതെന്നാണ് ആദ്യഭാഗമെഴുതിയ ഡെന്നിസ് ജോസഫും പറയുന്നത്. പടം ഉടന്‍ ചിത്രീകരണം തുടങ്ങും. കാത്തിരിക്കാം, കുഞ്ഞച്ചന്‍റെ വില്ലത്തരങ്ങള്‍ക്കായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :