നിഹാരിക കെ.എസ്|
Last Modified ശനി, 30 ഓഗസ്റ്റ് 2025 (16:53 IST)
റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ജയസൂര്യയുടെ 'കത്തനാർ - ദി വൈൽഡ് സോഴ്സറർ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ നാളെ പുറത്തിറങ്ങും. ഏറെ നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും മികച്ച വരവേൽപാണ് ആരാധകർ നൽകിയത്. നാളെ ജയസൂര്യയുടെ പിറന്നാൾ ദിനത്തിൽ പോസ്റ്റർ പുറത്തിറക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നടൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന'കത്തനാർ - ദി വൈൽഡ് സോഴ്സററി'ൻ്റെ ഡബ്ബിങ് പൂർത്തിയായ വാർത്ത ജയസൂര്യ തന്നെ മുൻപ് അറിയിച്ചിരുന്നു. സ്ക്രീനുകളിലേക്ക് ഉടന്‍ എന്ന അടിക്കുറിപ്പോടെ ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ സിനിമയുടെ അപ്ഡേറ്റ് പുറത്തുവിട്ടത്.വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന ഗ്ലിംപ്സ് വീഡിയോക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്.
കഴിഞ്ഞ ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. മലയാളത്തിൽ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമകളിൽ ഒന്നാണ് കത്തനാർ. അനുഷ്‌ക ഷെട്ടിയും പ്രഭുദേവയുമാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങൾ.