കണ്ണൂര്‍ സ്‌ക്വാഡ് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു

മമ്മൂട്ടി പൊലീസ് വേഷത്തിലെത്തിയ കണ്ണൂര്‍ സ്‌ക്വാഡിന് ആദ്യദിനം മുതല്‍ മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചിരുന്നു

രേണുക വേണു| Last Modified വ്യാഴം, 9 നവം‌ബര്‍ 2023 (16:54 IST)

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ കണ്ണൂര്‍ സ്‌ക്വാഡിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. നവംബര്‍ 17 മുതല്‍ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ പ്രദര്‍ശിപ്പിക്കും. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം ടോട്ടല്‍ ബിസിനസില്‍ നൂറ് കോടി സ്വന്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 28 നാണ് മമ്മൂട്ടി കമ്പനി നിര്‍മിച്ച കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററുകളിലെത്തിയത്.

മമ്മൂട്ടി പൊലീസ് വേഷത്തിലെത്തിയ കണ്ണൂര്‍ സ്‌ക്വാഡിന് ആദ്യദിനം മുതല്‍ മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചിരുന്നു. എ.എസ്.ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍, റോഡ് മൂവി ഴോണറുകളില്‍ ഉള്‍പ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ്. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്.

തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റോണി, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, വിജയരാഘവന്‍, കിഷോര്‍ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. സുഷിന്‍ ശ്യാം ആണ് പശ്ചാത്തല സംഗീതം. റിലീസ് ചെയ്ത് വെറും ഒന്‍പത് ദിവസം കൊണ്ടാണ് ചിത്രം 50 കോടി ക്ലബില്‍ കയറിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :