വിക്രം ഗംഭീര വിജയം; 13 സഹസംവിധായകര്‍ക്ക് അപ്പാച്ചെ ബൈക്ക് സമ്മാനിച്ച് കമല്‍ഹാസന്‍

രേണുക വേണു| Last Modified ബുധന്‍, 8 ജൂണ്‍ 2022 (10:39 IST)

കമല്‍ഹാസന്റെ ഏറ്റവും പുതിയ ചിത്രം വിക്രം തിയറ്ററുകളില്‍ വമ്പന്‍ വിജയമായിരിക്കുകയാണ്. നാല് ദിവസംകൊണ്ട് വിക്രം 200 കോടി കളക്ഷന്‍ നേടി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ എന്നിങ്ങനെ വന്‍ താരനിര അണിനിരന്നിട്ടുണ്ട്.

കമല്‍ഹാസന്റെ രാജ് കമല്‍ ഇന്റര്‍നാഷണലാണ് വിക്രം നിര്‍മിച്ചിരിക്കുന്നത്. സിനിമ സൂപ്പര്‍ഹിറ്റായതോടെ കോടികളാണ് കമല്‍ഹാസന്‍ ലാഭമായി നേടാന്‍ പോകുന്നതെന്നാണ് വിവരം.

വിക്രം നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരവെ ചിത്രത്തിന്റെ സംവിധായകനും സഹായികള്‍ക്കും സമ്മാനം നല്‍കിയിരിക്കുകയാണ് കമല്‍ഹാസന്‍. സംവിധായകന്‍ ലോകേഷ് കനകരാജിന് ലക്‌സസ് ഇഎസ് 300 എച്ച് എന്ന ആഡംബര കാറും 13 സഹസംവിധായകര്‍ക്ക് അപ്പാച്ചെ 160 ആര്‍ടിആര്‍ ബൈക്കുമാണ് കമല്‍ നല്‍കിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ലെക്‌സസ് കാറുകളോടു ഭ്രമമുള്ള കമല്‍ ആദ്യമായാണ് അത്തരത്തിലൊന്ന് ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :