'സച്ചിയേട്ടാ...ഓര്‍ക്കാതിരിക്കാത്ത ഒരു ദിവസം പോലുമില്ലല്ലോ'; ഓര്‍മ്മകള്‍ പങ്കുവെച്ച് എന്‍.എം ബാദുഷ

കെ ആര്‍ അനൂപ്| Last Modified ശനി, 18 ജൂണ്‍ 2022 (11:01 IST)
അന്തരിച്ച സംവിധായകന്‍ സച്ചിയുടെ ഓര്‍മ്മകളിലാണ് സിനിമാലോകം. നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍ എം ബാദുഷയ്ക്ക് അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു സച്ചി. വളരെക്കാലം സച്ചിയെ മുമ്പേ അറിയാമെങ്കിലും പിക്കറ്റ് 43 എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് അദ്ദേഹവുമായി കൂടുതല്‍ അടുത്തെന്ന് പറഞ്ഞിട്ടുണ്ട്.

'ഓര്‍ക്കാതിരിക്കാത്ത ഒരു ദിവസം പോലുമില്ലല്ലോ എന്റെ പ്രിയപ്പെട്ട സച്ചിയേട്ടാ ഓര്‍മ്മപ്പൂക്കള്‍'- ബാദുഷ കുറിച്ചു.

സച്ചിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ബാദുഷ പങ്കുവെച്ച കുറിപ്പ്

മലയാളത്തിനു പറഞ്ഞുകൊടുക്കാന്‍ ഒരുപാട് കഥകളും തിരക്കഥയും ബാക്കിയാക്കി സച്ചിയേട്ടന്‍ മറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം. ഒരിക്കലും വിശ്വസിക്കാനാവാത്ത ദുരന്തമാണ് സച്ചിയേട്ടന്റെ മരണത്തിലൂടെഉണ്ടായത്. ഒരു മരണവും എന്നെ ഇത്രയധികം ഉലച്ചിട്ടില്ല. ജീവിതത്തോട് ചേര്‍ന്നു നിന്ന ഒരാള്‍ പെട്ടെന്നില്ലാതാകുന്ന അവസ്ഥ അതി ഭയാനകമാണ്. എന്താണ് ചെയ്യേണ്ടത് എന്നുപോലും അറിയാന്‍ പറ്റാത്ത അവസ്ഥ. വളരെ പണിപ്പെട്ടാണ് ആ ആഘാതത്തില്‍നിന്നും കരകയറിയത്. ബാദുമോനെ..എന്നുള്ള വിളിയാണ് എപ്പോഴും കാതുകളില്‍ മുഴങ്ങുന്നത്.

സച്ചിയേട്ടനെ വളരെക്കാലം മുമ്പേ അറിയാമെങ്കിലും കൂടുതല്‍ അടുക്കുന്നത് കാഷ്മീരിലെ ഷോപ്പിയാനില്‍ മേജര്‍ രവി സാറിന്റെ പിക്കറ്റ് 43 എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ്. ഒരാഴ്ചയോളം സച്ചിയേട്ടന്‍ അവിടെ വന്നിട്ടുണ്ടായിരുന്നു. എപ്പോഴും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. എന്തുണ്ടെങ്കിലും ഞാനുമായി പങ്കിടുമായിരുന്നു. അദ്ദേഹം ചെയ്യുന്ന സിനിമ തന്നെയായിരുന്നു മുഖ്യ സംസാരവിഷയം. ഒരു ദിവസം ഞാന്‍ ചോദിച്ചു. ചേട്ടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ഞാനല്ലേ ചെയ്യുന്നത്. അപ്പോള്‍ അദ്ദേഹം പറഞ്ഞു, അയ്യോ അതല്ലടാ.. ഇത്തവണ വേറെയാള്‍ക്കാരാ ചെയ്യുന്നത്.

ഇനിയൊരു സിനിമ ചെയ്യുമ്പോള്‍ അത് നീയായിരുക്കും ചെയ്യുന്നത്. അതില്‍ ഒരു സംശയവും ഉണ്ടായിരിക്കില്ല. അതിനു ശേഷം സച്ചിയേട്ടന്റെ സിനിമ അനാര്‍ക്കലി ലക്ഷദ്വീപില്‍ തുടങ്ങി. ഒരു ദിവസം പൃഥ്വിരാജിനെ കാണുന്നതിനായി ഞാനും ലക്ഷദ്വീപിലെത്തി. ഒരാഴ്ച അവിടെ തങ്ങി. അന്നും സച്ചിയേട്ടനുമായി ഏറ്റവും വലിയ കൂട്ട് എനിക്കായിരുന്നു. പിന്നീട് നാട്ടില്‍ വന്നു. മിക്കപ്പോഴും വിളിക്കും. അദ്ദേഹം പറഞ്ഞതുപോലെ അദ്ദേഹത്തിന്റെ അടുത്ത സിനിമയില്‍, അയ്യപ്പനും കോശിയില്‍ ഞാന്‍ വര്‍ക്ക് ചെയ്തു. സച്ചിയേട്ടനുമായി കൂടുതല്‍ അടുത്തു. വളരെ ആസ്വദിച്ച് തന്നെ ഷൂട്ട് തീര്‍ത്തു. പടം വലിയ ഹിറ്റായി. റിലീസിന്റെ അന്ന് ഞങ്ങള്‍ ഒരു ഫ്ളാറ്റില്‍ ഇരിക്കുകയാണ്. എല്ലായിടത്തു നിന്നും പടത്തിന് ഗംഭീര റിപ്പോര്‍ട്ട്. അപ്പാള്‍ സച്ചിയേട്ടന്‍ എന്റെയടുത്ത് വന്നിരുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു, പടം ഒക്കെ ഹിറ്റല്ലേ .. നമുക്ക് ചെലവൊന്നുമില്ലേ..? നിനക്ക് ഞാന്‍ എന്താ തരിക എന്നു പറഞ്ഞു പരതി. എന്നിട്ട് അദ്ദേഹം ഉപയോഗിച്ച വാച്ച് ഊരി എനിക്കു കെട്ടിത്തന്നു.


അയ്യപ്പനും കോശിയുടെ സെറ്റില്‍ വച്ചു തന്നെ അദ്ദേഹത്തിന്റെ ഭാവി പരിപാടികള്‍ എന്നോടു പങ്കുവച്ചിരുന്നു. അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു ഒരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങുക എന്നത്. അങ്ങനെയൊരു കമ്പനി തുടങ്ങിയാല്‍ നീ എന്റെ കൂടെ നില്‍ക്കില്ലേ എന്നെന്നോടു ചോദിച്ചു. ഞാന്‍ റെഡിയെന്നും പറഞ്ഞു. ആ കമ്പനിയുടെ ആദ്യ സിനിമ തന്നെ സച്ചിയേട്ടന്റെ അസോസിയേറ്റായ ജയന്‍ നമ്പ്യാര്‍ക്കു വേണ്ടിയുള്ള തായിരുന്നു. അതേക്കുറിച്ച് സച്ചിയേട്ടന്‍ പറഞ്ഞു, ജയന്റെ സിനിമയുടെ തിരക്കഥ ഞാന്‍ ചെയ്യും. അതിന്റെ പ്രൊഡക്ഷന്‍ വേണ്ടിയുള്ള കാര്യങ്ങള്‍ നീ മുന്നോട്ടു നീക്കിക്കോളൂ ,ഞാന്‍ ഒന്നിലും ഇടപെടില്ല എല്ലാം നീ തന്നെ ചെയ്യണം. സംവിധായകനായി അഡ്വാന്‍സ് വാങ്ങിയ സിനിമകളുണ്ട്. അത് എനിക്ക് ചെയ്തു കൊടുക്കണം.


ആ ഉത്തരവാദിത്വം എന്നെ ഏല്പിച്ചു. ആ സിനിമയ്ക്കു വേണ്ടിയുള്ള പണിപ്പുരയിലായിരുന്നു ഞാന്‍. ഈയിടെയായി അദ്ദേഹം എന്നും തന്നെ വിളിക്കും. അങ്ങോട്ടുമിങ്ങോട്ടും കാണും. സിനിമയുടെ കാര്യങ്ങള്‍ക്കായും വ്യക്തിപരമായ കാര്യങ്ങള്‍ക്കായും ഞങ്ങള്‍ നിരന്തരം കണ്ടു.

എന്നെ സച്ചിയേട്ടന്‍ രണ്ടു തരത്തിലാണ് വിളിക്കുന്നത്. ബാദുമോനെ ടാ.... എന്നായിരിക്കും ചിലപ്പോള്‍ വിളിക്കുന്നത്. സ്നേഹം കൂടുമ്പോള്‍ എടാ ബാദുക്കുട്ടാ എന്നാണ് വിളിക്കാറ്.


അങ്ങനെ ഒരു ദിവസം തന്നെ വിളിച്ചു. എടാ ബാദുക്കുട്ടാ .. ഒരുഗ്രന്‍ ഐറ്റം (കഥയുടെ ത്രെഡ്) കിട്ടിയിട്ടുണ്ട്. നീ വാ .. ഞാന്‍ അവിടെ ചെന്ന് അത് കേട്ടു. എന്ത് ഐറ്റം കിട്ടിയാലും ഞാന്‍ ഒരാളുടെ അടുത്ത് പറയും.. ഞാന്‍ ചോദിച്ചു, ആരാണത്.? പൃഥ്വിരാജായിരുന്നു അത്. രാജുവിനെ വിളിച്ചു പറഞ്ഞിട്ട് ഞാന്‍ നിന്നെ വിളിച്ചോളാം എന്നദ്ദേഹം പറഞ്ഞു. ഞങ്ങളോട് പറഞ്ഞിട്ടാണ് ജയനോടു പോലും സച്ചിയേട്ടന്‍ സബ്ജക്ട് സംസാരിക്കുന്നത്.


അതുപോലെ അയ്യപ്പനും കോശി നടക്കുന്നതിനിടെ ഒരുദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു, നീയൊരു ടൈറ്റില്‍ ബ്ലോക്ക് ചെയ്തിട്ട്. ബ്രിഗന്റ് എന്നായിരുന്നു ടൈറ്റില്‍. എങ്ങനെയുണ്ട് പേര് എന്നദ്ദേഹം ചോദിച്ചു, ഞാന്‍ പറഞ്ഞു, ഉഗ്രന്‍ , എന്താണ് സംഭവം എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു,

പടം നീ ഞെട്ടും. ആരൊക്കെയാണ് ഇതില്‍ അഭിനയിക്കുന്നത് എന്നറിയാമോ? മമ്മുക്ക ഹീറോ. കൂടെ പൃഥ്വിരാജ്, ബിജു മേനോന്‍ , ടൊവിനോ, ആസിഫ് അലി... എന്നിവര്‍ ഉണ്ടാകും. അതൊരു ബ്രഹ്‌മാണ്ഡ സിനിമയായിരിക്കും. മമ്മുക്കയുടെ ഒരു ലുക്ക് ഒക്കെ എന്നോട് പറയുകയും ചെയ്തു. കഴിഞ്ഞ ഡിസംബറിലായിരുന്നു ബ്രിഗന്റിന്റെ കാര്യം എന്നാ ട് പറഞ്ഞത്.

ബിജു മേനോനെ നായകനാക്കി ഒരു സിനിമയും അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു. അതിന്റെ കഥാതന്തു എന്നോടു പറഞ്ഞിരുന്നു.

കഴിഞ്ഞ തവണ ശസ്ത്രക്രിയ കഴിഞ്ഞ് ഒരു ദിവസം എന്നെ വിളിച്ചു; എടാ ഞാന്‍ ഒരു കഥ മമ്മൂക്കയോട് പറഞ്ഞാല്‍ അദ്ദേഹം കേള്‍ക്കുമോ? അദ്ദേഹത്തിന് തിരക്കുള്ള സമയമാണോ ഇപ്പോള്‍ ..? ഞാന്‍ പറഞ്ഞു, സച്ചിയേട്ടന്‍ പറഞ്ഞാല്‍ മമ്മുക്ക കേള്‍ക്കാതിരിക്കുമോ?മമ്മുക്കയുടെ അടുത്തു നമുക്കൊരു സബ്ജക്ട് പറയാനുണ്ട്. ഒരു താരം കൂടിയുണ്ടെങ്കില്‍ മമ്മുക്ക അഭിനയിക്കുമോ? കഥയില്‍ ആവശ്യമാണെങ്കില്‍ മമ്മുക്ക തയാറാകും എന്നു ഞാനും പറഞ്ഞു. ബ്രിഗന്റിനെക്കുറിച്ചായിരിക്കാം ഒരു പക്ഷേ സച്ചിയേട്ടന്‍ മമ്മുക്കയോട് പറയാനിരുന്നത്.

അതിനിടെയാണ് എന്റെ ജന്മദിനമെത്തിയത്. എന്നെ സ്നേഹത്തോടെ വിളിച്ചു കൊണ്ടാണ് ആ ആശംസ വീഡിയോ രൂപത്തില്‍ എനിക്കയച്ചത്.
ഇത്തവണ സര്‍ജറിക്കു പോകും മുമ്പും വിളിച്ചിരുന്നു. എനിക്കും ഒരു സര്‍ജറിയുണ്ടായിരുന്നു. അക്കാര്യവും ഞാന്‍ സച്ചിയേട്ടനോടു പറഞ്ഞു. കുഴപ്പമില്ല, നമുക്ക് രണ്ടു പേര്‍ക്കും സര്‍ജറിയൊക്കെ കഴിഞ്ഞ് റീ ഫ്രഷായി തിരിച്ചു വരാം , എന്നിട്ട് ഭാവി പരിപാടികള്‍ ചെയ്യാം എന്നു സച്ചിയേട്ടനും പറഞ്ഞു. ബാദു മോനെ.. ബാദുക്കുട്ടാ... ആ വിളി ഇപ്പോഴും മുഴങ്ങുകയാണ്.

കണ്ണീര്‍ പൂക്കള്‍ സച്ചിയേട്ടാ


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :