നമ്പിയാവാൻ വലിയ വയർ വേണ്ടിയിരുന്നു, എനിക്ക് മാത്രമായി മണിരത്നം റൂമിലേക്ക് ബിയർ കൊടുത്തുവിടും :ജയറാം

അഭിറാം മനോഹർ| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (17:34 IST)
ഏറെ കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങിയ മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവന് ഗംഭീര വരവേൽപ്പാണ് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. കൽക്കിയുടെ ഇതിഹാസ നോവലിനെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിൽ വിക്രം, ജയം രവി,കാർത്തി,ഐശ്വര്യ റായ്,ത്രിഷ എന്നിവർക്കൊപ്പം മലയാള താരം ജയറാമും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ചിത്രത്തിൽ രസികനായ ചാരനായ ആൾവാർകടിയാൻ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. വൈഷ്ണവ ഭക്തനായ അൽപ്പം കുടവയറും കുടുമയുമെല്ലാമുള്ള രൂപത്തിലാണ് ജയറാമെത്തുന്നത്. ചിത്രത്തിനായി കുടവയറുണ്ടാക്കാൻ തായ്‌ലൻഡിൽ ഷൂട്ട് നടക്കുന്ന സമയത്ത് മണിരത്നം തൻ്റെ മുറിയിലേക്ക് ബിയർ വരെ കൊടുത്തുവിടാറുണ്ടായിരുന്നുവെന്നാണ് ജയറാം പറയുന്നത്.

സിനിമയിൽ മറ്റെല്ലാവരും ഫിറ്റായ ശരീരം ആവശ്യമുള്ളവരാണ്. എനിക്ക് മാത്രം സെറ്റിൽ എന്തും കഴിക്കാമായിരുന്നു. നമ്പിയുടെ വേഷത്തിന് കുടവയർ ആവശ്യമായുണ്ട്. തായ്‌ലൻഡിൽ ഷൂട്ടിങ് നടക്കുമ്പോൾ എനിക്ക് മാത്രമായി മണിരത്നം റൂമിലേക്ക് ബിയർ കൊടുത്തുവിടുമായിരുന്നു. ഷൂട്ടിങ് കഴിയുന്നത് വരെ എൻ്റെ മുഖത്ത് നോക്കാതെ വയറിലേക്കാണ് മണിരത്നം നോക്കിയിരുന്നത്. ജയറാം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :