ഈഗോ കാരണം ഫ്രണ്ട്സ് സിനിമ സുരേഷ് ഗോപി ചെയ്തില്ല, പകരം ചെയ്തത് ജയറാം: ചിത്രം ആ വർഷത്തെ ബമ്പർ ഹിറ്റായി

അഭിറാം മനോഹർ| Last Modified ഞായര്‍, 25 സെപ്‌റ്റംബര്‍ 2022 (18:23 IST)
മലയാള സിനിമയിലെ തന്നെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഫ്രണ്ട്സ്. മുകേഷ്,ജയറാം,ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കിയൊരുക്കിയ ചിത്രം ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. എന്നാൽ സിനിമയിലെ നായകകഥാപാത്രമായ അരവിന്ദനെ അവതരിപ്പിക്കാൻ സംവിധായകൻ സിദ്ധിഖ് ആദ്യം സമീപിച്ചത് ജയറാമിനെയായിരുന്നില്ല.

ഇപ്പോഴിതാ ഫ്രണ്ട്സ് സിനിമയ്ക്ക് പിന്നിലെ കഥ തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ സിദ്ധിഖ്. ചിത്രത്തിൽ ജയറാം ചെയ്ത സിനിമ ചെയ്യാനിരുന്നത് സുരേഷ് ഗോപിയായിരുന്നെന്നും എന്നാൽ ചില ഈഗോ പ്രശ്നങ്ങൾ മൂലം ഇത് നടന്നില്ലെന്നും സിദ്ധിഖ് പറയുന്നു. സിനിമയ്ക്ക് വേണ്ടി അന്ന് വരച്ച ഒരു പോസ്റ്ററാണ് സുരേഷ് ഗോപി സിനിമയിൽ നിന്നും പിന്മാറാൻ ഇടയാക്കിയത്.

ആ സമയത്ത് മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം കൊമേഴ്ഷ്യൽ മൂല്യമുള്ള താരമാണ് സുരേഷ് ഗോപി. സുരേഷ് ഗോപി സിനിമ അഭിനയിക്കാമെന്ന് സമ്മതിച്ചതുമാണ്.
സിനിമയ്ക്കായി പുറത്തിറക്കിയ പോസ്റ്ററിൽ മുകേഷ്,സുരേഷ്ഗോപി,ശ്രീനിവാസൻ എന്നിവരാണുണ്ടായിരുന്നത്. നടുവിൽ സുരേഷ് ഗോപി നിൽക്കുന്ന പോസ്റ്ററിന് താഴെ മുകേഷ്, സുരേഷ് ഗോപി,ശ്രീനിവാസൻ എന്നിങ്ങനെ പേരും എഴുതി.

എന്നാൽ സുരേഷ് ഗോപിക്ക് മുൻപെ മുകേഷിൻ്റെ പേര് വന്നതിനെ പറ്റി ആരെല്ലാമോ സുരേഷ് ഗോപിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സുരേഷ് ഗോപിയല്ല പ്രധാനകഥാപാത്രമെന്നാണ് അവർ പറഞ്ഞത്. സുരേഷ്ഗോപിയാകട്ടെ ഇക്കാര്യം സിദ്ധിഖിനോട് വിളിച്ചുചോദിക്കാനും നിന്നില്ല. സുരേഷ് ഗോപിയെ രണ്ടാം നായകനാക്കി എന്ന ഈഗോയിൽ അദ്ദേഹം സിനിമയിൽ നിന്നും പിന്മാറുകയും ചെയ്തെന്ന് സിദ്ധിഖ് പറയുന്നു.

ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിക്ക് പകരം ജയറാം വന്നത്. ജയറാമിന് വേണ്ടി കഥാപാത്രത്തെ അല്പം പൂവാലസ്വഭാവമുള്ളതാക്കി മാറ്റിയെന്നും ചിത്രം വലിയ രീതിയിൽ വിജയമായെന്നും സിദ്ധിഖ് പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :