അഭിറാം മനോഹർ|
Last Modified ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (17:06 IST)
തമിഴ് സിനിമയുടെ ഗതിമാറ്റിയ സിനിമയായാണ് 2008ല്‍ റിലീസ് ചെയ്ത സുബ്രഹ്മണ്യപുരം എന്ന സിനിമയെ കണക്കാക്കുന്നത്. തുടര്‍ന്ന് തമിഴിലും ഹിന്ദിയിലുമെല്ലാം സുബ്രഹ്മണ്യപുരത്തിന്റെ ചുവട് പിടിച്ചുകൊണ്ടുള്ള റൂറല്‍ സ്റ്റോറുകള്‍ ഒരുപാട് വന്നിരുന്നു. നടനായി പിന്നീട് പേരെടുത്ത ശശികുമാര്‍ ആയിരുന്നു സുബ്രഹ്മണ്യപുരം എന്ന സിനിമയുടെ സംവിധായകന്‍. പിന്നീട് നാടോടികള്‍,സുന്ദരപാണ്ഡ്യന്‍ തുടങ്ങിയ സിനിമകളും ശശികുമാര്‍ സംവിധാനം ചെയ്തിരുന്നു.
മലയാളത്തില്‍ ജോണി ആന്റണി സംവിധാനം ചെയ്ത മാസ്റ്റേഴ്‌സിലും ശശികുമാര്‍ അഭിനയിച്ചിട്ടുണ്ട്. മാസ്റ്റേഴ്‌സില്‍ തന്നെ സജസ്റ്റ് ചെയ്തത് പൃഥ്വിരാജാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ശശികുമാര്‍. താന്‍ വന്നാല്‍ മാത്രമെ
സിനിമ ചെയ്യുന്നുള്ളുവെന്ന് പൃഥ്വിരാജ് സംവിധായകനോട് പറഞ്ഞിരുന്നതായും ഒരു അഭിമുഖത്തില്‍ ശശികുമാര്‍ പറഞ്ഞു. സിനിമയുടെ ഡയലോഗെല്ലാം മറ്റൊരാള്‍ ഡബ് ചെയ്തത് കാസറ്റിലാക്കിയാണ് പഠിച്ചത്. അന്ന് പഠിച്ച ഡയലോഗുകള്‍ ഇന്നും മറന്നിട്ടില്ലെന്ന് ശശികുമാര്‍ പറയുന്നു.
പൃഥ്വിയ്‌ക്കൊപ്പമുള്ള ഷൂട്ടിംഗ് രസകരമായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളില്‍ ലൈറ്റിങ്ങിലും ട്രോളി മൂവ്‌മെന്റിലുമെല്ലാം പൃഥ്വി ശ്രദ്ധിച്ചിരുന്നു. അതെല്ലാം കണ്ടപ്പോള്‍ തന്നെ എന്നെക്കാള്‍ മികച്ച സംവിധായകനായി പൃഥ്വി മാറുമെന്ന് എനിക്ക് തോന്നിയിരുന്നു. അക്കാര്യം ഞാന്‍ പൃഥ്വിയോടും പറഞ്ഞിരുന്നതായി ശശികുമാര്‍ പറയുന്നു. സിനിമ വികടന് നല്‍കിയ അഭിമുഖത്തിലാണ് ശശികുമാര്‍ ഇക്കാര്യം പറഞ്ഞത്.