രേണുക വേണു|
Last Modified വ്യാഴം, 29 ഫെബ്രുവരി 2024 (16:45 IST)
Manjummel Boys, Guna Cave
1991 ല്‍ റിലീസ് ചെയ്ത തമിഴ് ചിത്രമാണ് ഗുണ. സന്താനഭാരതി സംവിധാനം ചെയ്ത ചിത്രത്തില്‍ കമല്‍ഹാസനാണ് പ്രധാന വേഷത്തില്‍ എത്തിയത്. കൊടൈക്കനാലിലെ 'ഡെവിള്‍ കിച്ചന്‍; എന്ന ഗുഹയിലാണ് 'ഗുണ' സിനിമയുടെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചത്. ഗുണ സിനിമ റിലീസ് ആയപ്പോള്‍ അത് 'ഗുണ കേവ്' എന്ന് അറിയപ്പെടാന്‍ തുടങ്ങി. ഇപ്പോള്‍ ഇതാ സൂപ്പര്‍ഹിറ്റായി പ്രദര്‍ശനം തുടരുന്ന മലയാള സിനിമയിലും 'ഗുണ കേവ്' പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു !
വളരെ അപകടങ്ങള്‍ നിറഞ്ഞ വിടുവകളാണ് ഗുണ കേവില്‍ ഉള്ളത്. നിരവധി ടൂറിസ്റ്റുകള്‍ അതിലെ കുഴികളില്‍ പെട്ടു മരണമടഞ്ഞിട്ടുണ്ട്. അപകടങ്ങള്‍ കൂടിയതോടെ ഗുണ കേവിലേക്കുള്ള പ്രവേശനം തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചു. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ചിത്രീകരണത്തിനു ഗുണ കേവ് അത്യാവശ്യമായിരുന്നു. എന്നാല്‍ ചിത്രീകരണാനുമതിയും പ്രവേശനാനുമതിയും ലഭിച്ചില്ല. ഗുണ കേവിനു സമാനമായ സെറ്റ് പെരുമ്പാവൂരില്‍ ഇടുകയായിരുന്നു. രണ്ട് മാസത്തിലേറെയാണ് ഈ സെറ്റിടാന്‍ വേണ്ടിവന്നത്.
ഗുണ സിനിമയ്ക്കു വേണ്ടി 1991 ല്‍ ഇങ്ങനെയൊരു സ്ഥലം കണ്ടെത്തിയത് സംവിധായകന്‍ സന്താനഭാരതിയും നടന്‍ കമല്‍ഹാസനും ചേര്‍ന്നാണ്. ' കൊടൈക്കനാലിലെ അപകട സാധ്യത കുറഞ്ഞതും അധികം ആളുകള്‍ ഇല്ലാത്തതുമായ ഒരു സ്ഥലം അന്വേഷിച്ചു നടക്കുകയായിരുന്നു ഞങ്ങള്‍. ഏഴെട്ട് കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ സ്ഥലം കണ്ടെത്തി. ഷൂട്ടിങ്ങിന് പറ്റിയ സ്ഥലമാണെന്ന് കണ്ടപ്പോള്‍ ഞങ്ങള്‍ അവിടെ സെറ്റിട്ടു. ഷൂട്ടിങ് നടത്തിയ ശേഷം അതൊരു ടൂറിസ്റ്റ് സ്‌പോട്ട് ആകുകയായിരുന്നു,' ഒരു അഭിമുഖത്തില്‍ കമല്‍ഹാസന്‍ പറഞ്ഞു.