ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാമെന്ന് ഹൈക്കോടതി: നിര്‍മാതാവിന്റെ ഹര്‍ജി തള്ളി

Hema Commission Report
Hema Commission Report
അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ഓഗസ്റ്റ് 2024 (14:24 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ പുറത്തുവരാന്‍ ഇതിലൂടെ വഴിയൊരുങ്ങി. റിപ്പോര്‍ട്ട് ഏകപക്ഷീയമായതിനാല്‍ പുറത്തുവിടരുതെന്ന ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതോടെ വിഷയത്തില്‍ ഹര്‍ജിക്കാര്‍ക്ക് അപ്പീല്‍ ചെയ്യാന്‍ സമയം ലഭിക്കും.


അപ്പീല്‍ ഹര്‍ജിയുമായി സജി പാറയില്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചില്ലെങ്കില്‍ റിപ്പോര്‍ട്ട് 7 ദിവസത്തിന് ശേഷം പുറത്തുവരും. മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷണറാണ് ഉത്തരവിട്ടത്. വ്യക്തികളെ തിരിച്ചറിയുന്നതും സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്തുവിടാനായിരുന്നു നിര്‍ദേശം. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയായിരുന്നു സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്.


സിനിമാരംഗത്തെ നിരവധി സ്ത്രീകള്‍ കമ്മീഷന് മുന്നില്‍ നിര്‍ണായകമായ വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതോടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമെന്ന് ചൂണ്ടികാട്ടി റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിരുന്നത്.
ഹേമ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി നാലര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവരാന്‍ സാഹചര്യമൊരുങ്ങുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :