Hrithik Roshan birthday: ആരാധക ഹൃദയം കീഴടക്കിയ ഇന്ത്യയുടെ ഗ്രീക്ക് ഗോഡ്, ഹൃതിക് റോഷന്‍ അന്‍പത് വയസ്സിന്റെ നിറവില്‍, താരത്തിന്റെ സിനിമായാത്ര ഇങ്ങനെ

Hrithik roshan,Indian greek god,Bollywood superstar
അഭിറാം മനോഹർ| Last Modified ബുധന്‍, 10 ജനുവരി 2024 (15:55 IST)
ബാലതാരമായിരിക്കെ തന്നെ സിനിമകളിലൂടെ സാന്നിധ്യം അറിയിച്ചിരുന്നെങ്കിലും തന്റെ ആദ്യ സിനിമയായ കഹോന പ്യാര്‍ ഹേയിലൂടെ ഇന്ത്യയെങ്ങും തരംഗം തീര്‍ത്ത നായകനടനാണ് ഹൃതിക് റോഷന്‍. പെണ്‍കുട്ടികളുടെ ഹൃദയം കീഴടക്കിയ താരം 2000 ത്തിന്റെ തുടക്കത്തില്‍ ഇന്ത്യയാകെ തീര്‍ത്ത ഓളം ചില്ലറയല്ല. സൗന്ദര്യത്തിലും നൃത്തത്തിലും അഭിനയത്തിലും മികച്ച് നിന്ന താരം പെട്ടെന്ന് തന്നെ ബോളിവുഡിലെ പ്രധാനതാരങ്ങളില്‍ ഒരാളായി. 1974 ജനുവരി 10ന് ജനിച്ച താരത്തിന് ഇന്ന് 50 വയസ്സ് പൂര്‍ത്തിയാകുകയാണ്.

നായകനായുള്ള തന്റെ ആദ്യസിനിമയില്‍ തന്നെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞാണ് ഹൃതിക് റോഷന്‍ ബോളിവുഡില്‍ വരവറിയിച്ചത്. ആദ്യ സിനിമയിലെ വമ്പന്‍ വിജയത്തിന് ശേഷം ഫിസ എന്ന സിനിമയിലായിരുന്നു താരം അഭിനയിച്ചത്. 92ലെ ബോംബെ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദിയായി മാറുന്ന ഒരു മുസ്ലീം യുവാവിന്റെ വേഷമായിരുന്നു ചിത്രത്തില്‍ ഹൃതിക് അവതരിപ്പിച്ചത്. നിരൂപക പ്രശംസ നേടിയ ബോക്‌സോഫീസിലും വിജയമായി. 2000ത്തില്‍ വിധു വിനോദ് ചോപ്രയുറ്റെ മിഷന്‍ കശ്മീരിലും താരം ഭാഗമായി. 2001ല്‍ കഭി ഖുശി കഭി ഗം എന്ന സിനിമയും ബോക്‌സോഫീസില്‍ വമ്പന്‍ വിജയമായി. എന്നാല്‍ പിന്നീട് താരം ചെയ്ത സിനിമകള്‍ക്ക് വേണ്ടത്ര വിജയം ബോക്‌സോഫീസില്‍ നേടാനായില്ല.

2003ല്‍ ഇറങ്ങിയ കോയി മില്‍ ഗയ എന്ന സിനിമയിലൂടെയാണ് പിന്നീട് ഹൃതിക് ശക്തമായ തിരിച്ചുവരവ് നടത്തിയത്. സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ വിഖ്യാത ചിത്രം ഇ ടി ദ എക്‌സ്ട്രാ ടെറസ്ട്രിയല്‍ എന്ന സിനിമയില്‍ നിന്നും പ്രോചദനം കൊണ്ട് ഇറങ്ങിയ സിനിമ പിന്നീട് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിഷ് ഫ്രാഞ്ചൈസിയായി മാറി. 2004ല്‍ ഫര്‍ഹാന്‍ അക്തര്‍ ചിത്രമായ ലക്ഷ്യയിലൂടെ മികച്ച നടനാണ് താന്‍ എന്നതില്‍ ഹൃതിക് അടിവരയിട്ടു. കാര്‍ഗില്‍ യുദ്ധം പശ്ചാത്തലമാക്കിയായിരുന്നു ചിത്രം ഒരുങ്ങിയത്. 2006ല്‍ ധൂം 2വിലെ വില്ലന്‍ വേഷത്തിലും ഹൃതിക് തിളങ്ങി.


ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം 2008ല്‍ ഇറങ്ങിയ ജോധ അക്ബറിലൂടെ ഹൃതിക് വീണ്ടും തിരിച്ചെത്തി.2009 മുതല്‍ 2012 വരെയുള്ള കാലയളവില്‍ നിരൂപക പ്രശംസ ഏറെ പിടിച്ചുപറ്റിയ ലക്ക് ബൈ ചാന്‍സ്, കൈറ്റ്‌സ്,ഗുസാരിഷ്, സിന്ദഗി നാ മിലേഗി ദുബാര, അഗ്‌നിപഥ് എന്നീ സിനിമകളില്‍ താരം വേഷമിട്ടു. ഇതില്‍ സിന്ദഗി നാ മിലേഗി ദുബാര, അഗ്‌നിപഥ് എന്നിവ താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളായി മാറി. 2014ല്‍ ബാഗ് ബാഗ്, 2016ല്‍ മോഹന്‍ ജദാരോ 2017ല്‍ കാബില്‍ എന്നിവയായിരുന്നു ഹൃതികിന്റേതായി പുറത്തുവന്ന സിനിമകള്‍. വലിയ വിജയങ്ങളാകാന്‍ ഈ സിനിമകള്‍ക്കൊന്നും തന്നെ സാധിച്ചില്ല.

2019ല്‍ സൂപ്പര്‍ 30 എന്ന സിനിമയിലൂടെയായിരുന്നു നടനെന്ന നിലയിലും കച്ചവടസിനിമയുടെ മുഖമെന്ന നിലയിലും ഹൃതികിന്റെ മടങ്ങിവരവ്. അതേവര്‍ഷം തന്നെ വാര്‍ എന്ന സിനിമയിലൂടെ ഹൃതിക് താരമെന്ന നിലയിലും തന്റെ സ്ഥാനം തിരിച്ചുപിടിച്ചു. 2022ല്‍ വിക്രം വേദയുടെ റീമേയ്ക്കിലാണ് താരം അഭിനയിച്ചത്. 2024ല്‍ ഫൈറ്ററാണ് ഹൃതിക്കിന്റേതായി പുറത്തിറങ്ങാനുള്ള സിനിമ. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :