വിജയാശംസകള്‍! വിഷു വിന്നര്‍ ആരാകും? പ്രതീക്ഷയോടെ സിനിമാലോകം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 11 ഏപ്രില്‍ 2024 (09:26 IST)
മികച്ചൊരു സമയത്തിലൂടെയാണ് മലയാളം സിനിമ കടന്നുപോകുന്നത്. ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകയും നീട്ടി സ്വീകരിച്ചു. മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ റെക്കോര്‍ഡ് കളക്ഷന്‍ മലയാളത്തില്‍ പിറന്നു. പുതിയ ചരിത്രം എഴുതുകയാണ് യുവതാരങ്ങള്‍. കേരളത്തിന് പുറത്തും മലയാള സിനിമകള്‍ക്ക് സ്വീകാര്യത ലഭിക്കുന്ന കാലം. കോടികളുടെ റെക്കോര്‍ഡുകള്‍ ഇനിയും മാറിമറിയും. അതിന് പറ്റുന്ന തരത്തിലുള്ള ചിത്രങ്ങളാണ് വിഷുക്കാലത്ത് എത്തുന്നത്. ഇപ്പോള്‍ ലഭിക്കുന്ന പ്രേക്ഷക സ്വീകാര്യത വരാനിരിക്കുന്ന വിഷു സിനിമകള്‍ക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍.

ആവേശം

2023ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു രോമാഞ്ചം. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ വിജയത്തിനുശേഷം 2024 പിടിച്ചെടുക്കാന്‍ ഒരുക്കത്തിലാണ് നിര്‍മാതാക്കള്‍.പെരുന്നാള്‍- വിഷു റിലീസായി തിയറ്ററുകളില്‍ എത്തിക്കാനാണ് തീരുമാനം. ഇന്നുമുതല്‍ പ്രദര്‍ശനം ആരംഭിക്കും. ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന രങ്കന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി കഴിഞ്ഞു.മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ.എസ്., റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജയ് ഗണേഷ്

ഇനി ഉണ്ണി മുകുന്ദന്റെ കാലം. മാസങ്ങളായി നടന്റെ ഒരു സിനിമ പുറത്തിറങ്ങിയിട്ട്. ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ആദ്യം എത്തുന്നത് ജയ് ഗണേഷ് എന്ന ചിത്രമാണ്. ഇന്നുമുതല്‍ ചിത്രം തിയേറ്ററുകളില്‍ ഉണ്ടാകും. രഞ്ജിത്ത് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വര്‍ഷങ്ങള്‍ക്കുശേഷം

പ്രണവ് മോഹന്‍ലാല്‍-ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ആദ്യമായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമ വൈകാതെ തന്നെ പ്രദര്‍ശനം ആരംഭിക്കും.മെരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, നിത പിള്ള, കലേഷ് ആനന്ദ്, അര്‍ജുന്‍ ലാല്‍, ദീപക് പറമ്പോള്‍, അശ്വന്ത് ലാല്‍, ഭഗവത് മാനുവല്‍ തുടങ്ങിയ താരനിര അണിനിരക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :