അയ്യാ ഗില്ലി ഡാ, കോളിവുഡിനെ രക്ഷിക്കാൻ ഒടുവിൽ അണ്ണൻ തന്നെ വേണ്ടിവന്നു, അതും റിലീസ് ചെയ്ത് 20 വർഷമായ സിനിമ

Gilli, Dalapathi vijay
അഭിറാം മനോഹർ| Last Modified ബുധന്‍, 24 ഏപ്രില്‍ 2024 (20:45 IST)
2024 ആരംഭിച്ച് നാല് മാസങ്ങള്‍ പിന്നിടുമ്പോള്‍ സമീപകാലങ്ങളില്‍ ഒന്നുമില്ലാതിരുന്ന പ്രതിസന്ധിയിലൂടെയാണ് തമിഴ് സിനിമ കടന്നുപോകുന്നത്. വമ്പന്‍ താരങ്ങളുടെ സിനിമകളെല്ലാം തന്നെ പണിപ്പുരയിലുണ്ടെങ്കിലും 2024ന്റെ ആദ്യമാസങ്ങളില്‍ കാര്യമായ ഹിറ്റുകളൊന്നും തന്നെ തമിഴ് സിനിമയ്ക്കായിട്ടില്ല. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ തുടര്‍ച്ചയായി മലയാളം സിനിമകളാണ് തമിഴ് തിയേറ്ററുകള്‍ക്ക് ഇപ്പോള്‍ താങ്ങാവുന്നത്. ഈ അവസ്ഥയില്‍ പഴയ സിനിമകള്‍ റിലീസ് ചെയ്യുന്ന ട്രെന്‍ഡ് അടുത്തിടെ തമിഴില്‍ ആരംഭിച്ചിരുന്നു. എങ്കിലും വലിയ കളക്ഷന്‍ സൃഷ്ടിക്കാന്‍ ഈ സിനിമകള്‍ക്കും ആയിട്ടില്ല.

എന്നാല്‍ ഈ ചരിത്രത്തെയെല്ലാം ഇല്ലാതെയാക്കിയിരിക്കുകയാണ് ദളപതി വിജയുടെ 20 വര്‍ഷം പഴക്കമുള്ള ഗില്ലി സിനിമയുടെ റീ റിലീസ്. ഈ വര്‍ഷം ഒട്ടേറെ സിനിമകള്‍ റീ റിലീസ് ചെയ്‌തെങ്കിലും അവയ്‌ക്കൊന്നുമില്ലാത്ത സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആഗോളതലത്തില്‍ 15 കോടിക്ക് മുകളില്‍ സിനിമ സ്വന്തമാക്കികഴിഞ്ഞു. ഇന്ത്യയില്‍ നിന്ന് മാത്രമായി 10 കോടിയോളം രൂപയാണ് സിനിമയുടെ കളക്ഷന്‍. ഇതോടെ രാജ്യത്ത് റി റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും അധികം പണം വാരിയ സിനിമകളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഗില്ലി. ടൈറ്റാനിക്,ഷോലെ,അവതാര്‍ സിനിമകളാണ് പട്ടികയില്‍ മുന്നില്‍.

2004ല്‍ 8 കോടി ബജറ്റിലെത്തിയ ഗില്ലി 50 കോടി ക്ലബിലെത്തിയ വിജയുടെ ആദ്യ സിനിമയായിരുന്നു. ധരണി സംവിധാനം ചെയ്ത സിനിമയില്‍ തൃഷയായിരുന്നു നായിക. പ്രകാശ് രാജ്,ആശിഷ് വിദ്യാര്‍ഥി തുടങ്ങിവരും പ്രധാനവേഷത്തിലെത്തിയിരുന്നു. 200 ദിവസത്തിലധികം തമിഴ്‌നാട്ടില്‍ പ്രദര്‍ശനം നടത്തിയ സിനിമ സൂപ്പര്‍ താരമെന്ന നിലയിലുള്ള വിജയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :