അഭിറാം മനോഹർ|
Last Modified വ്യാഴം, 27 ഫെബ്രുവരി 2020 (14:43 IST)
ഡൽഹി കലാപത്തിൽ കേന്ദ്ര സർക്കാരിനെതിരെ നിലപാടുമായി രംഗത്തെത്തിയ സംവിധായകൻ പാ രഞ്ജിത്തിനെതിരെ രൂക്ഷ വിമർശനവുമായി നടി ഗായത്രി രഘുറാം. ബിജെപി സർക്കാർ ഇന്ത്യയിലും തമിഴ്നാട്ടിലും മതമൗലികവാദം പടർത്താൻ ശ്രമിക്കുകയാണെന്നും എല്ലാവരും ഇത്തരം ഫാസിസ്റ്റുകളെ എതിർക്കണമെന്നും ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ പാ രഞ്ജിത്ത് ട്വീറ്റ് ചെയ്‌തിരുന്നു. ഇതിനെതിരെയാണ് ഗായത്രിയുടെ വിമർശനം.
'മതേതരത്വം എന്നാൽ എന്താണ് അർഥമാക്കുന്നത്? മതേതരത്വം ബാധകമാകുന്നത് ഹിന്ദുക്കൾക്ക് മാത്രമാണോ? ബിജെപി നമ്മുടെ ദുഷിച്ച വ്യവസ്ഥയെ നന്നാക്കുകയാണ് ചെയ്യുന്നത്. പെരിയാറിന്റെ കൂലിമാമന്മാർ തമിഴ്നാട്ടിലെ ഹൈന്ദവ സംസ്‌കാരത്തെ നശിപ്പിക്കുന്നു.അതുപോലെ തന്നെ പാകിസ്ഥാനികളുടെ കൂലിക്കാരയ കോൺഗ്രസ് ഇന്ത്യയിലെ ഹൈന്ദവ സംസ്‌കാരത്തേയും നശിപ്പിക്കുന്നു. നിങ്ങളാണ് മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നത്'-പാ രഞ്ജിത്തിന് മറുപടിയായി ഗായത്രി ട്വീറ്റ് ചെയ്‌തു.
ഗായത്രിയുടെ ട്വീറ്റ് പുറത്തുവന്നതോടെ ട്വീറ്റിനെതിരെയുള്ള പ്രതിഷേധങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരിക്കുകയാണ്. പെരിയാറിനെ വിമർശിക്കാൻ മാത്രം എന്ത് മഹത്വമാണ് ഗായത്രിക്കുള്ളതെന്നാണ് വിമർശകരുടെ ചോദ്യം.