അഭിറാം മനോഹർ|
Last Modified തിങ്കള്‍, 27 മെയ് 2024 (14:38 IST)
ലോകപ്രശസ്ത ചലച്ചിത്രമേളയായ കാനിലെ പ്രധാന പുരസ്ജ്കാരങ്ങളിലൊന്നായ ഗ്രാന്‍ഡ് പ്രീ നേടിയ സംവിധായിക പായല്‍ കപാഡിയയ്‌ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് കൂടിയായ റസൂല്‍ പൂക്കുട്ടി. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍വ വിദ്യാര്‍ഥിയായ പായല്‍ കപാഡിയ നടന്‍ ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ആക്കിയതില്‍ പ്രതിഷേധിച്ച വിദ്യര്‍ഥി സമരത്തിലെ സജീവ സാന്നിധ്യമായിരുന്നു. ഈ സമരവുമായി ബന്ധപ്പെട്ട് പായല്‍ ഉള്‍പ്പടെ 35 വിദ്യാര്‍ഥികള്‍ക്കെതിരെ 2015ല്‍ എടുത്ത കേസിന്റെ ഭാഗമായുള്ള നിയമനടപടികള്‍ ഇപ്പോഴും തുടരുകയാണ്. ലോകചലച്ചിത്രവേദിയില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ സംവിധായകയ്‌ക്കെതിരായ കേസ് പിന്‍വലിക്കണമെന്നാണ് റസൂല്‍ പൂക്കുട്ടിയുടെ ആവശ്യം.
പായലിനും മറ്റ് വിദ്യാര്‍ഥികള്‍ക്കുമെതിരായ കേസ് എഫ്ടിഐഐ പിന്‍വലിക്കണം. രാജ്യം ഇപ്പോള്‍ അഭിമാനപൂര്‍വം തലയുയര്‍ത്തി നില്‍ക്കുന്നതില്‍ സ്ഥാപനം അവരോട് കടപ്പെട്ടിരിക്കുന്നു. റസൂല്‍ പൂക്കുട്ടി തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കുറിച്ചു. തന്നെ ഖരോവോ ചെയ്‌തെന്നും ഓഫീസ് നശിപ്പിച്ചെന്നും ആ?രോപിച്ച് എഫ്ടിഐഐ മുന്‍ ഡയറക്ടര്‍ പ്രശാന്ത് പാത്രബെയാണ് പായല്‍ കപാഡിയ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി നല്‍കിയത്. കാനിലെ പുരസ്‌കാര നേട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ളവര്‍ പായലിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിനാണ് കാനില്‍ പുരസ്‌കാരം ലഭിച്ചത്. മലയാളികളായ കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.