നിഹാരിക കെ എസ്|
Last Modified ശനി, 30 നവംബര്‍ 2024 (09:05 IST)
ഫ്‌ളാറ്റ് തട്ടിപ്പുകേസില്‍ നടി ധന്യമേരി വര്‍ഗീസ് വീണ്ടും കുരുക്കില്‍. നടിയുടെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി. തിരുവനന്തപുരം പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടിയത്. 2016 ൽ വിവാദമായ കേസിലാണ് നടപടി. കേസില്‍ ധന്യയും ഭര്‍ത്താവ് ജോണും അറസ്റ്റിലായിരുന്നു.
ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി വന്‍ തുക തട്ടിയെന്ന പരാതിയില്‍ താരത്തിനും സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് കമ്പനി ഡയറക്ടറും നടനും ധന്യയുടെ ഭര്‍ത്താവുമായ ജോണ്‍ ജേക്കബ്, ജോണിന്റെ സഹോദരന്‍ സാമുവല്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്തിരുന്നു. കമ്പനിയുടെ മാര്‍ക്കറ്റിങ് മേധാവിയായിരുന്നു ധന്യ.
ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് വിദേശ മലയാളികളുള്‍പ്പെടെ നിരവധി പേരില്‍ നിന്നു പണം വാങ്ങിയശേഷം കാലാവധി കഴിഞ്ഞിട്ടും ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കാത്തതാണ് കേസ്. 2011 മുതല്‍ നഗരത്തിലെ വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫ്‌ളാറ്റുകളും 20 വില്ലകളും രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പലരില്‍ നിന്നായി 100 കോടി രൂപയും അമിത പലിശ നല്‍കാമെന്ന് പറഞ്ഞ് 30 കോടിയോളം രൂപയും തട്ടിയെടുത്തെന്ന വ്യവസായിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.