രേണുക വേണു|
Last Modified ശനി, 25 ഫെബ്രുവരി 2023 (09:37 IST)
രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കാന്‍ നടന്‍ അക്ഷയ് കുമാര്‍. കനേഡിയന്‍ പൗരത്വം സ്വീകരിച്ചതിന്റെ പേരില്‍ താരത്തിന്റെ ആരാധകര്‍ അടക്കം നേരത്തെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കാന്‍ താരം തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കനേഡിയന്‍ പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്ന് അക്ഷയ് കുമാര്‍ തന്നെ വെളിപ്പെടുത്തി. പാസ്‌പോര്‍ട്ട് മാറ്റാന്‍ അപേക്ഷിച്ചിട്ടുണ്ടെന്നും ബാക്കി കാര്യങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഒരു സമയത്ത് സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് മറ്റ് ബിസിനസുകള്‍ക്ക് വേണ്ടി കാനഡയിലേക്ക് പോകാന്‍ താന്‍ തീരുമാനിച്ചതെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ' എന്റെ സിനിമകള്‍ വര്‍ക്ക് ചെയ്യുന്നില്ല, എന്തെങ്കിലുമൊന്ന് വര്‍ക്ക് ചെയ്യണമല്ലോ എന്ന് ഞാന്‍ കരുതി. പലരും വിദേശത്ത് ജോലി തേടി പോകുന്നുണ്ട്. അങ്ങനെ ജോലിക്കായി കാനഡയില്‍ പോകാന്‍ തീരുമാനിച്ചു. എന്റെ സുഹൃത്ത് കാനഡയിലാണ്. അങ്ങനെ ഞാന്‍ കാനഡയിലേക്ക് പോകുകയായിരുന്നു,' അക്ഷയ് കുമാര്‍ പറഞ്ഞു.
തന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെട്ടതില്‍ താരം വലിയ ദുഃഖം രേഖപ്പെടുത്തി. ' ഇന്ത്യയാണ് എനിക്ക് എല്ലാം. ഞാന്‍ സമ്പാദിച്ചതെല്ലാം ഇവിടെ നിന്നാണ്. തിരികെ നല്‍കാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. ആളുകള്‍ ഒന്നും അറിയാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ വിഷമം തോന്നും,' അക്ഷയ് കുമാര്‍ പറഞ്ഞു.