അഭിറാം മനോഹർ|
Last Modified തിങ്കള്‍, 20 മാര്‍ച്ച് 2023 (12:59 IST)
സിനിമയിലെത്താൻ എല്ലാവിധ അവസരങ്ങളും ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇത്രയും വൈകിയതെന്ന ചോദ്യത്തിന് മറുപടി നൽകി സൂപ്പർ താരം ദുൽഖർ സൽമാൻ. ബാപ്പയുടെ പേര് താനായിട്ട് കളയുമോ എന്ന പേടിയാണ് സിനിമയിലെത്തുന്നതിൽ നിന്നും വൈകിപ്പിച്ചതെന്ന് ദുൽഖർ പറയുന്നു. കോളേജ് വിദ്യാഭ്യാസം കഴിയുന്ന സമയത്താണ് ബിഗ് ബി വരുന്നത്. ബാപ്പ അത്രയും തിളങ്ങി നിൽക്കുന്ന സമയത്ത് ഞാനായിട്ട് അദ്ദേഹത്തിൻ്റെ പേര് മോശമാക്കുമോ 2 മണിക്കൂർ ആളുകൾ എന്നെ കണ്ടിരിക്കുമോ എന്നീ പേടീകൾ കാരണമാണ് സിനിമയിൽ അഭിനയിക്കാതിരുന്നതെന്നും ഇപ്പോൾ സിനിമയാണ് തനിയ്ക്കെല്ലാമെന്നും ദുൽഖർ പറയുന്നു.
ഇരുപത്തിയെട്ടാം വയസിൽ സിനിമയിലേക്ക് വന്നപ്പോഴും പേടിയോടെയാണ് വന്നത്. നമ്മുടെ ഇരുപതുകളിലാകും ഏറ്റവും അരക്ഷിതാവസ്ഥ ഉള്ളത്. അപ്പോൾ നമ്മളെ പറ്റി തന്നെ നമ്മൾക്ക് ഒരു ആത്മവിശ്വാസമുണ്ടാകില്ല. ആ സമയത്ത് സിനിമയിൽ രണ്ടാം ജനറേഷൻ വന്ന് വിജയിക്കുന്ന സാഹചര്യം കുറവായിരുന്നു. പൃഥ്വി നേരത്തെ വന്നതാണ്. ഞാൻ വരുന്ന സമയത്താണ് ഫഹദ് സിനിമയിൽ വന്നത്. മക്കൾ സിനിമയിൽ വരുന്നതിൽ അധികം റെഫറൻസ് എനിക്കില്ല. ഇത്രയും പേരെടുത്ത ഒരാളുടെ പേര് ഞാനായി കളയുമോ എന്നായിരുന്നു പേടി. എന്നാൽ എനിക്ക് എൻ്റെ ജീവിതവും ലക്ഷ്യവും പ്രചോദനവുമെല്ലാം ഇപ്പോൾ സിനിമയാണ്. ദുൽഖർ പറഞ്ഞു.