ദൈവം കഴിഞ്ഞാല്‍ സിദ്ദിഖ്-ലാല്‍... സിദ്ദിഖിനെ ഓര്‍ത്ത് സംവിധായകന്‍ ജിസ് ജോയ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 9 ഓഗസ്റ്റ് 2023 (09:09 IST)
ജിസ് ജോയ് സംവിധാനം ചെയ്ത സിനിമകളില്‍ ടൈറ്റില്‍ കാര്‍ഡില്‍ ചിലരെങ്കിലും ശ്രദ്ധിച്ചു കാണും സിദ്ദിഖ്-ലാല്‍ ന് നന്ദിയെന്ന്.ദൈവത്തിനു നന്ദി എന്ന് കഴിഞ്ഞാല്‍ അടുത്ത ടൈറ്റില്‍ കാര്‍ഡ് സിദ്ദിഖ്-ലാല്‍ ന് നന്ദി എന്നായിരിക്കും. കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിന് എത്തിയ ഇന്നലെ വരെ എന്ന സിനിമയില്‍ സിദ്ദിഖ് അഭിനയിച്ചിരുന്നു. ആ ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നടക്കുകയാണ് ജിസ് ജോയ്.

ജിസ് ജോയിയുടെ വാക്കുകളിലേക്ക്
ഒന്നിനോടും പരാതിയില്ലാത്തൊരാള്‍. . പടച്ചോന്റെ ആഗ്രഹം അങ്ങനെയായിരിക്കും എന്ന് ഏതൊരു അവസ്ഥയിലും നന്ദിയോടെ മാത്രം പറയുന്നൊരാള്‍. ഏതു സമയത്തും എനിക്ക് വിളിക്കാന്‍ അനുവാദമുള്ള. . ആ വീട്ടിലേക്കു എപ്പോള്‍ വേണമെങ്കിലും കയറി വരാന്‍ അനുവാദം തന്നൊരാള്‍. .
ഇതുവരെ ചെയ്ത എല്ലാ സിനിമകളിലും ദൈവത്തിനു നന്ദി എന്ന് കഴിഞ്ഞാല്‍ അടുത്ത ടൈറ്റില്‍ കാര്‍ഡ് സിദ്ദിഖ്-ലാല്‍ ന് നന്ദി എന്നായിരുന്നു. കഴിഞ്ഞ വര്‍ഷം ഞാന്‍ ചെയ്ത..'' ഇന്നലെ വരെ ' എന്ന സിനിമയില്‍ ഒരു വേഷം അഭിനയിച്ചു. . ഞങ്ങളെ അനുഗ്രഹിച്ചു.


ഷൂട്ടിംഗ് ദിവസം ഉച്ചയൂണിന്റെ നേരം എന്നെയും ആസിഫിനേയും കാരവാനിലേക്കു വിളിപ്പിച്ചു ഒരുമിച്ച് ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞു. ഒത്തിരി കഥകള്‍ പറഞ്ഞ് ചിരിപ്പിച്ചു, എല്ലാ കഥകളുടെയും ഉള്ളില്‍ ഒരു കുഞ്ഞു സങ്കടം കിടക്കുന്നത് ശ്രെദ്ധിക്കാതെ തന്നെ നമുക്ക് മനസ്സിലാവും.
'' നമ്മള്‍ കലാകാരന്മാരാണ്, കയ്യിലുള്ള കലയെ അകമഴിഞ്ഞ് സ്‌നേഹിച്ചാല്‍ മരണം വരെ, ആ കലയിലുള്ള സത്യം നമുക്ക് വേണ്ടി നിലകൊള്ളും, നമ്മള്‍ തോറ്റുപോവില്ല ' അന്ന് പറഞ്ഞ ഒരു കാര്യം ഇതായിരുന്നു.
അവസാനം കണ്ടത് കഴിഞ്ഞ ഓണത്തിന് ആണ്. .അന്ന് വേദിയില്‍ വെച്ച് പറഞ്ഞു ' സംവിധാനം ചെയ്തതിനും മറ്റും നിരവധി ഷീല്‍ഡുകള്‍ കിട്ടിയിട്ടുണ്ട് പക്ഷെ അഭിനയിച്ചതിനു ഒരേ ഒരെണ്ണമേ കിട്ടിയിട്ടുള്ളു അത് ജിസ്സിന്റെ ഇന്നലെ വരെ എന്ന സിനിമയുടെ ആണ് എന്ന്
'' പലരും ചോദിച്ചു ജിസ്സേ , താന്‍ എന്തിനാ എല്ലാ പടത്തിലും താങ്ക്‌സ് കാര്‍ഡില്‍ എന്റെ പേര് വെക്കുന്നതെന്ന്, അപ്പൊ ഞാന്‍ പറയും ജിസ്സിന് ഞാന്‍ അവന്റെ മാനസ്സ ഗുരു ആണെന്ന് ' ഇതും അന്ന് വേദിയില്‍ പറഞ്ഞതാണ്.
എഴുതിയാല്‍ തീരില്ല ഒരുപാട് ദുഃഖത്തോടെ നിര്‍ത്തുന്നു. . കാലത്തെയും വിധിയെയും പഴിക്കുന്നില്ല കാരണം പടച്ചോന്റെ ആഗ്രഹം അങ്ങനെയാവും എന്ന് എപ്പോഴും പറയുന്നൊരാള്‍ ആണ് എന്റെ മാനസ്സഗുരു
സ്വര്‍ഗം അങ്ങേയ്ക്കാണ് ഇക്ക





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :