അഭിറാം മനോഹർ|
Last Modified തിങ്കള്‍, 6 മെയ് 2024 (19:44 IST)
മലയാളികളെ ഒരുപാട് കാലം സ്വന്തം സിനിമകളിലൂടെ ചിരിപ്പിച്ച നായകനടനാണെങ്കിലും അടുത്തകാലത്തായി എടുത്തുപറയാന്‍ ഒരു ഹിറ്റ് ചിത്രം പോലും ദിലീപിനില്ല. വമ്പന്‍ ബജറ്റിലിറങ്ങിയ ബാന്ദ്രയും തങ്കമണി സംഭവത്തെ ആസ്പദമാക്കി വന്ന തങ്കമണിയും ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. അവസാനമായി ഇറങ്ങിയ പവി ടേക്ക് കെയറിന് മോശമല്ലാത്ത അഭിപ്രായം ലഭിക്കുന്നുണ്ടെങ്കിലും തിയേറ്ററുകളില്‍ വമ്പന്‍ വിജയമാകാന്‍ ഈ സിനിമയ്ക്കും സാധിച്ചില്ല.
ഇപ്പോഴിതാ പവി ടേക്ക് കെയര്‍ സിനിമയുടെ ഭാഗമായി കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരെ ഇത്തരം ആക്രമണങ്ങള്‍ കാലങ്ങളായി സംഭവിക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ദിലീപ്. 11 വര്‍ഷത്തോളമായി ഈ അക്രമണം നേരിടുന്നു. മായാമോഹിനിക്ക് ശേഷമാണ് അതിന്റെ തീവ്രത കൂടി തുടങ്ങിയത്. പിന്നെ നമ്മള്‍ നമ്മുടെ വഴിക്ക് എന്ന പോലെ അതെല്ലാം അവഗണിക്കുകയായിരുന്നു. നമ്മളെ സ്‌നേഹിക്കുന്ന ആള്‍ക്കാര്‍, കലാകാരന്‍ എന്ന രീതിയില്‍ കാണുന്ന ആളുകളെല്ലാം സിനിമ കാണാന്‍ വരുന്നുണ്ട്. പണ്ട് ഈ അറ്റാക്കുകളൊന്നും എന്നെ ബാധിച്ചിരുന്നില്ല. കാരണം എന്റെ പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്ന ആളുകളല്ല.
അവരെല്ലാം ചാനലുകളിലൂടെ എന്നെ കാണുന്നവരാണ്. ഇപ്പൊള്‍ സിനിമ ഇറങ്ങുന്ന സമയത്ത് വായില്‍ തോന്നുന്നതെല്ലാം പറയുകയാണ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്ന് സിനിമ കണ്ടിട്ട് പോസിറ്റീവ് റിവ്യു കണ്ടു. അത് കണ്ടപ്പോള്‍ അതുപോലെ ഒരു മര്യാദ ഇവിടെ കിട്ടുന്നില്ലല്ലോ എന്ന് തോന്നും. ഇന്ത്യയില്‍ അടുത്ത കാലത്ത് ഒരു നടനും ഇതുപോലെ ഒരു ട്രോഫി കിട്ടികാണില്ല എന്നതാണ്. നമ്മളില്‍ സത്യമുണ്ട്. അതിന്റെ ഫൈറ്റാണ്. നമ്മള്‍ എങ്ങനെയെങ്കിലും കരയണേ എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. ദിലീപ് പറഞ്ഞു.