കമൽഹാസൻ എല്ലാവരെയും കൊല്ലാൻ കൊണ്ടുപോകുകയാണെന്ന് സംസാരമുണ്ടായി: ഗുണ ഷൂട്ട് അനുഭവം പറഞ്ഞ് വേണു

Kamalhaasan
അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 മാര്‍ച്ച് 2024 (18:19 IST)
Kamalhaasan
കൊടൈയ്ക്കനാലിലെ ഗുണ കേവില്‍ അകപ്പെട്ട സുഹൃത്തിനെ രക്ഷിച്ച സംഭവത്തിന്റെ കഥ പറയുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ തമിഴകത്ത് റെക്കോര്‍ഡ് കളക്ഷന്‍ നേടി മുന്നേറുകയാണ്. സിനിമ കൂടുതല്‍ പ്രേക്ഷകരിലെത്തും തോറും കമല്‍ഹാസന്‍ സന്താന ഭാരതി സിനിമയായ ഗുണയും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. ഡെവിള്‍സ് കിച്ചന്‍ എന്നറിയപ്പെട്ടിരുന്ന ഗുഹയ്ക്ക് ഗുണ കേവ് എന്ന് പേര് ലഭിച്ചത് കമല്‍ഹാസന്‍ സിനിമയ്ക്ക് ശേഷമായിരുന്നു. ഇപ്പോഴിതാ ഗുണ സിനിമയുടെ ഷൂട്ടിംഗ് വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സിനിമയുടെ ക്യാമറാമാനായിരുന്ന വേണു.

ദ ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗുണ കേവിനകത്തെ ഷൂട്ടിംഗ് അനുഭവങ്ങള്‍ വേണു പങ്കുവെച്ചത്. പലരുടെയും ജീവന് തന്നെ ഭീഷണിയാകുമായിരുന്ന ഒരു സ്ഥലമായിരുന്നു ആ കേവ്. കമല്‍ഹാസനായിരുന്നു സിനിമയ്ക്കായി ആ സ്ഥലം കണ്ടെത്തിയത്. സിനിമയുടെ സംവിധാനത്തിലടക്കം ഒരുവിധം കാര്യങ്ങളെല്ലാം ചെയ്തതും കമല്‍ തന്നെയാണ്. ഞങ്ങള്‍ അന്ന് ആ സ്ഥലത്ത് പോകുമ്പോള്‍ അത് അധികം ആളുകളെത്തുന്ന സ്ഥലമായിരുന്നില്ല.

വളരെ വൈല്‍ഡായ ഒരു പ്രദേശമായിരുന്നു അത്. എന്നിട്ടും അവിടെ തന്നെ സിനിമ ഷൂട്ട് ചെയ്യാമെന്ന് തീരുമാനിക്കുന്നത് കമല്‍ഹാസനാണ്. പ്രൊഡ്യൂസര്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും അവിടെ ഷൂട്ട് ചെയ്യുന്നതില്‍ എതിര്‍പ്പായിരുന്നു. കമല്‍ എല്ലാവരെയും കൊല്ലാന്‍ കൊണ്ടുപോകുകയാണെന്ന് വരെ അന്ന് അവിടെ സംസാരമുണ്ടായി. ഷൂട്ട് നടക്കില്ലെന്ന് എല്ലാവരും പറഞ്ഞു. കമല്‍ പിന്നീട് എന്നോട് അവിടെ ഷൂട്ട് നടക്കുമോ എന്ന് ചോദിച്ചു. നടക്കായ്കയില്ലെന്നും പക്ഷേ അത് ബുദ്ധിമുട്ടേറിയ ഏര്‍പ്പാടാണെന്നും ഞാന്‍ പറഞ്ഞു. ക്യാമറാമാന് ഓക്കെയാണെങ്കില്‍ ചെയ്യാമെന്ന് കമല്‍ പറഞ്ഞു. അങ്ങനെയാണ് അവിടെ ഷൂട്ട് ചെയ്യുന്നത്.

ആര്‍ക്കും അവിടെ ഷൂട്ട് ചെയ്യുന്നതില്‍ ഒക്കെയായിരുന്നില്ല. പ്രൊഡ്യൂസര്‍ പോലും ഒരു ഘട്ടത്തില്‍ പടം ചെയ്യുന്നില്ലെന്ന് പറഞ്ഞ് തിരിച്ചുപോയി. ഇത്രയും ബുദ്ധിമുട്ടുകള്‍ സഹിച്ച് ചെയ്ത സിനിമയായിരുന്നുവെങ്കിലും ഗുണ അന്ന് ഒരു ഹിറ്റ് സിനിമയായിരുന്നില്ല. അന്ന് സിനിമയെ പറ്റി ആരും തന്നെ ചര്‍ച്ച ചെയ്തില്ല. ഗുണയ്‌ക്കൊപ്പമായിരുന്നു ദളപതി സിനിമയും റിലീസായത്. ഗുണ ഇപ്പോഴാണ് ഹിറ്റായതെന്ന് പറയാം. ചില സിനിമകള്‍ അങ്ങനെയാണ് കുറെ നാള്‍ കഴിഞ്ഞാകും അതിന് പോപ്പുലാരിറ്റി ഉണ്ടാവുന്നത്. വേണു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :