ജയേട്ടന്‍ വന്ന് കെട്ടിപ്പിടിച്ചു,8 വര്‍ഷം നീണ്ട ആ സ്വപ്നം,'ക്യാപ്റ്റന്‍' സിനിമയ്ക്ക് പിന്നിലെ വിശേഷങ്ങളുമായി പ്രജേഷ് സെന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (09:01 IST)

ജയസൂര്യയുടെ ക്യാപ്റ്റനില്‍ തുടങ്ങി ജയസൂര്യയുടെ തന്നെ മേരി ആവാസ് സുനോ വരെ എത്തി നില്‍ക്കുകയാണ് സംവിധായകന്‍ പ്രജേഷ് സെന്‍. അദ്ദേഹത്തിന്റെ ഒടുവിലായി ഇറങ്ങിയ ചിത്രവും ജയസൂര്യയുടെ ഒപ്പമുള്ള വെള്ളമായിരുന്നു. ഇപ്പോഴിതാ ക്യാപ്റ്റന്‍ എന്ന സിനിമയുടെ പുസ്തക രൂപത്തിലാക്കിയ സന്തോഷത്തിലാണ് സംവിധായകന്‍. ലിപി ബുക്‌സ് ആണ് പ്രസാധകര്‍. അടുത്ത മാസം ഷാര്‍ജ അന്താരാഷ്ട്ര ബുക്ക് ഫെസ്റ്റില്‍ ഔദ്യോഗികമായി റിലീസ് ചെയ്യും.

പ്രജേഷ് സെനിന്റെ വാക്കുകള്‍

നവോദയ സ്റ്റുഡിയോ .മലയാള സിനിമയുടെ തറവാട് എന്ന് വിശേഷിപ്പിക്കാവുന്ന ഇടം.നാല് വര്‍ഷം മുന്നേയുള്ള ഇതേ ദിവസം. ഒക്ടോബര്‍ 10.സിദ്ധിഖ് സര്‍ സംവിധാനം ചെയ്യുന്ന 'ഫുക്രി' യുടെ ഷൂട്ടിങ് പുരോഗമിക്കുകയാണവിടെ. അസിസ്റ്റന്റ് ഡയറക്ടറുടെ റോളിലാണ് ഞാന്‍.
ഇടവേളയില്‍ സിദ്ധിഖ് സര്‍ എന്നെ അടുത്തു വിളിക്കുന്നു. ഒപ്പം മറ്റുള്ളവരെയും .

'പ്രജേഷ് സംവിധായകനാകാന്‍ പോവുകയാണ്. വി പി സത്യന്റെ ജീവിതമാണ് കഥ. ക്യാപ്റ്റന് എല്ലാ ആശംസകളും.' ഗുരുനാഥന്റെ വാക്കുകള്‍
മുഴുവനായും കേട്ടില്ല.നിറഞ്ഞ കണ്ണുകള്‍ തുടക്കുമ്പോള്‍ ജയേട്ടന്‍ വന്ന് കെട്ടിപ്പിടിച്ചു.എട്ട് വര്‍ഷം നീണ്ട അലച്ചിലിനൊടുവില്‍ ആ സ്വപ്നം പൂവണിയുകയാണ്.നവോദയ സ്റ്റുഡിയോയുടെ മുറ്റത്തു വച്ച് അത് സാധ്യമായതും ഒരു നിയോഗം.

മലയാളത്തിലെ ആദ്യ സ്‌പോട്‌സ് ബയോപിക് ക്യാപ്റ്റന്‍ - 100 ദിവസത്തിലധികം തിയറ്ററുകളില്‍ ഓടി. മലയാള സിനിമയില്‍ എനിക്കൊരു മേല്‍വിലാസമുണ്ടായി.സത്യേട്ടന്റെ ജീവിതം അതി മനോഹരമായി ജയേട്ടന്‍ അവതരിപ്പിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.

മമ്മൂക്ക , സിദ്ധിഖ് സര്‍, അനിത ചേച്ചി, നിര്‍മാതാവ് ജോബി ചേട്ടന്‍, ജയേട്ടന്‍, അനു സിതാര , സിദ്ധിഖിക്ക, രണ്‍ജി പണിക്കര്‍ സാര്‍, റോബി വര്‍ഗീസ് ,ബിജിത് ബാല, നൗഷാദ് ഷെരീഫ്, ഗോപി സുന്ദര്‍, ശ്രീകുമാറേട്ടന്‍, പ്രിയ സഹോദരന്‍ ലിബിസണ്‍ ഗോപി , കൂടെ നിന്ന മറ്റ് സഹപ്രവര്‍ത്തകര്‍ , കൂട്ടുകാര്‍, മാധ്യമ സുഹൃത്തുക്കള്‍, പ്രിയ പ്രേക്ഷകര്‍
നിങ്ങളുടെ പിന്തുണയും സ്‌നേഹവും തന്നെയാണ് ഇതെല്ലാം സാധ്യമാക്കിയത്. എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക.

അതിന് ശേഷം പലരും റഫറന്‍സിന് വേണ്ടി തിരക്കഥ വാങ്ങിച്ചു.
ചില കൂട്ടുകാര്‍ വെറുതെ വായിക്കാന്‍ കൊണ്ടു പോയി, സിനിമ പഠിക്കുന്ന ചിലര്‍ അതിനു വേണ്ടിയും വാങ്ങിച്ചു. തിരക്കഥ പുസ്തക രൂപത്തിലാക്കാമെന്ന്പലരും പറഞ്ഞിരുന്നു. അങ്ങനെ ഇപ്പോള്‍ അത് സാധ്യമാവുകയാണ്. ലിപി ബുക്‌സ് ആണ് പ്രസാധകര്‍. വലിയ താത്പര്യത്തോടെ മുന്നോട്ട് വന്ന അക്ബറിക്ക യോടും പുസ്തകം ലേ ഔട്ട് ചെയ്ത എം. കുഞ്ഞാപ്പയോടും നിറഞ്ഞ സ്‌നേഹം.

അടുത്ത മാസം ഷാര്‍ജ അന്താരാഷ്ട്ര ബുക്ക് ഫെസ്റ്റില്‍ ഔദ്യോഗികമായി റിലീസ് ചെയ്യും. മുന്‍പ് എപ്പോഴും ഉണ്ടായതു പോലെ ഏവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.സ്‌നേഹപൂര്‍വം
പ്രജേഷ് സെന്‍

നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ചിത്രം 'റോക്കട്രി ദി നമ്പി ഇഫക്റ്റില്‍
പ്രജേഷ് സെന്‍ കോ-ഡയറക്ടറായി പ്രവര്‍ത്തിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :