സജിത്ത്|
Last Modified തിങ്കള്‍, 17 ഏപ്രില്‍ 2017 (17:29 IST)
അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എൻ എം സി ഗ്രൂപ്പിന്റെ സ്ഥാപകനാണ് ഡോ ബി ആർ ഷെട്ടി എന്ന ഭാഗവതു രഘുറാം ഷെട്ടി. യുഎഇ എക്സ്ചേഞ്ചിന്റെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ നൂറാമത്തെ നിലയും നൂറ്റിനാല്പതാമത്തെ നിലയും സ്വന്തമാക്കിയാണ് ഇദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. ഈ രണ്ടു നിലകളും ലേലത്തിലൂടെ സ്വന്തമാക്കുവാന്‍ ഏകദേശം ഇരുപ്പത്തിയഞ്ച് മില്യണ്‍ ഡോളറാണ് ഇദ്ദേഹം ചെലവഴിച്ചത്.
ഇപ്പോള്‍ ഇതാ ഇന്ത്യന്‍ സിനിമയിലും ഒരു കൈനോക്കാന്‍ തയ്യാറെടുക്കുകയാണ് ബി ആര്‍ ഷെട്ടി. മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന എം.ടി.വാസുദേവന്‍നായരുടെ ‘രണ്ടാമൂഴം’ ‘മഹാഭാരതം’ എന്ന സിനിമയുടെ നിര്‍മ്മാതാവായാണ് അദ്ദേഹം എത്തുന്നത്. മലയാള സിനിമയുടെ എന്നല്ല, ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായാണ് രണ്ടാമൂഴം ഒരുങ്ങുന്നത്. ഏകദേശം 150 മില്യണ്‍ യു.എസ്. ഡോളര്‍ അതായത് 1000 കോടി രൂപയാണ് ഈ ചിത്രത്തിനായി ഷെട്ടി മുടക്കുന്നത്.
ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രമുഖ അഭിനേതാക്കളെ കൂടാതെ ഹോളിവുഡ് നടന്‍മാരും ചിത്രത്തിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താരനിര്‍ണയം പുരോഗമിക്കുകയാണ്. സാങ്കേതികരംഗത്തും ലോകപ്രശസ്തരുടെ സാന്നിധ്യം വിളിച്ചോതുന്ന തരത്തിലായിരിക്കും മഹാഭാരതം ഒരുങ്ങുക. ആദ്യമായാണ് ഇത്രയും വലിയ ക്യാന്‍വാസില്‍ മഹാഭാരതം ചലചിത്രമാകുന്നത്. 2018ല്‍ സെപ്തംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2020ലായിരിക്കും സിനിമ റിലീസ് ചെയ്യുക.