നിഹാരിക കെ എസ്|
Last Modified വെള്ളി, 15 നവംബര്‍ 2024 (09:35 IST)
മലയാളത്തിലെ യുവനടനായ അർജുൻ അശോകൻ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയതാരമായിട്ടുണ്ട്. രൂപത്തിലും ഭാവത്തിലും വേഷത്തിലും മാറ്റങ്ങൾ വരുത്തി കഥാപാത്രത്തിന് ആവശ്യമായ ചേരുവകൾ ചേർത്ത് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന അർജുൻ ഇതിനോടകം ഒരുപിടി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ആനന്ദ് ശ്രീബാല ആണ് അർജുന്റെ പുതിയ ചിത്രം.
‘ആനന്ദ് ശ്രീബാല’ റിലീസ് ആയി. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ഇത്. റൊമാൻസ്, കോമഡി, നായകൻ, പ്രതിനായകൻ, കാമുകൻ എന്നിങ്ങനെ പലതരത്തിലുള്ള കഥാപാത്രങ്ങൾ അർജ്ജുൻ ഇതിനോടകം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്നത് ആദ്യമായാണ്. ഇത്രയേറെ ഗൗരവമുള്ളൊരു കഥാപാത്രത്തെ ഇതിന് മുന്നെ അർജ്ജുൻ അവതരിപ്പിച്ചിട്ടില്ല.
ലോ കോളേജ് വിദ്യാർത്ഥിയായ മെറിൻന്റെ മരണവും അതിനോടനുബന്ധിച്ചുള്ള പോലീസിന്റെ അന്വേക്ഷണവുമാണ് ചിത്രത്തിൽ ദൃശ്യാവിഷ്കരിക്കുന്നത്. ഇത് യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണ് എന്ന് അണിയറ പ്രവർത്തകർ നേരത്തേ അറിയിച്ചിരുന്നു. ‘ബേസ്ഡ് ഓൺ ട്രു ഇവന്റ്’ എന്ന ക്യാപ്ഷനോടെയാണ് ട്രെയിലറും ആരംഭിക്കുന്നത്.
കേരള പൊലീസിനെ വട്ടംകറക്കിയ ആ ക്രൈം 'മെറിൻ കേസ്' ആണെന്നാണ് പ്രചാരണം. അഭിലാഷ് പിള്ളയാണ് തിരക്കഥാകൃത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ആനന്ദ് ശ്രീബാലയെയാണ് അർജ്ജുൻ അശോകൻ അവതരിപ്പിക്കുന്നത്. കാവ്യ ഫിലിം കമ്പനി,ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണുവും നീതാ പിന്റോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.