കെ ആര്‍ അനൂപ്|
Last Modified ശനി, 6 ഓഗസ്റ്റ് 2022 (10:18 IST)
ഒരു താത്വിക അവലോകനം സംവിധായകനാണ് അഖില്‍ മാരാര്‍. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന സന്തോഷ് വര്‍ക്കി എന്ന ആളെ കുറിച്ച് സംവിധായകനും പറയാനുണ്ട്.അതെ ഇന്ന് സന്തോഷിന്റെ പ്രണയം കേരളം അറിയുന്നു..അയാളെ മലയാളികള്‍ ഒന്നടങ്കം തിരിച്ചറിയുന്നു..
ഓണ്ലൈന് മാധ്യമങ്ങള്‍ മാറിയും തിരിഞ്ഞും അയാളുടെ അഭിമുഖങ്ങള്‍ എടുക്കുന്നു.... അഖിലിന്റെ കുറിപ്പ് തുടങ്ങുകയാണ്.
അഖില്‍ മാരാരുടെ വാക്കുകള്‍
ആഗ്രഹത്തിനൊക്കെ ഒരു പരിധിയില്ലെടെ എന്ന് നമുക്കു ചോദിക്കാം..
ഇവന് തലയ്ക്ക് വെളിവില്ല എന്ന് ആക്ഷേപിക്കാം..
ഇവനെ ഒക്കെ എന്തിനാണ് ഇങ്ങനെ പൊക്കി കൊണ്ട് നടക്കുന്നതെന്ന് പറഞ്ഞു പുശ്ചിക്കാം..
പക്ഷെ ഞാന്‍ ഇയാളെക്കുറിച്ചു നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നത്
അല്‍കെമിസ്‌റ് എന്ന പുസ്തകത്തിലെ പ്രസിദ്ധമായ വരികള്‍ ആണ്..
നിങ്ങളുടെ ലക്ഷ്യം ഉറച്ചതാണെങ്കില്‍ അതിലേക്ക് എത്തിചേരാന്‍ ആത്മാര്‍ഥമായി നിങ്ങള്‍ പരിശ്രമിച്ചാല്‍ ഈ പ്രകൃതി നിങ്ങള്‍ക്കായി ഗൂഢാലോചന നടത്തും...
സ്വന്തം ശരീര സോന്ദര്യത്തെ കുറിച്ചു സ്വയ ബോധമുള്ള ഒരു പുരുഷന്‍ സ്വന്തം നാട്ടിലെ സുന്ദരിയായ ഒരു പെണ്ണിനെ പ്രേമിക്കാന്‍ പോലും ഭയക്കുന്ന കാലത്തു അതി സുന്ദരിയായ തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു നടിയെ അയാള്‍ പ്രണയിക്കുന്നു..പ്രണയിച്ചിട്ടു വെറുതെ ഇരുന്നില്ല ..അയാള്‍ അവളെ തേടി എത്തിച്ചേരാന്‍ പ്രയാസമുള്ള ഇടങ്ങളില്‍ പോലും നേരില്‍ ചെല്ലുന്നു..
അസഹിഷ്ണുതയോടെ ഒഴിവാക്കിയിട്ടും അയാള്‍ വീണ്ടും തന്റെ പരിശ്രമം തുടരുന്നു...
കഥ പറയാന്‍ നിത്യമേനോനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് നടക്കാതെ പോകുന്ന സംവിധായകര്‍ക്കിടയില്‍ സന്തോഷ് വര്‍ക്കി തന്റെ പ്രണയം അറിയിക്കാന്‍ അവരെ മുപത്തില്‍ അധികം നമ്പറില്‍ നിന്നായി ബന്ധപ്പെടുന്നു..
ഒഴിവാക്കപ്പെടും എന്നുറപ്പുണ്ടായിട്ടും അയാള്‍ നിത്യ മേനോന്റെ അച്ഛനെയും അമ്മയെയും ബന്ധപ്പെടുന്നു..
6 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ശല്യം ചെയ്ത ഒരു കീടത്തെ തന്നെക്കാള്‍ കൂടുതല്‍ ജനം തിരിച്ചറിയുന്ന ഒരു കാലത്തേക്ക് ഈശ്വരന്‍ കൊണ്ട് ചെന്നെത്തിക്കും എന്ന് നിത്യ സ്വപ്നത്തില്‍ പോലും ചിന്തിച്ചു കാണില്ല..
അതെ ഇന്ന് സന്തോഷിന്റെ പ്രണയം കേരളം അറിയുന്നു..അയാളെ മലയാളികള്‍ ഒന്നടങ്കം തിരിച്ചറിയുന്നു..
ഓണ്ലൈന് മാധ്യമങ്ങള്‍ മാറിയും തിരിഞ്ഞും അയാളുടെ അഭിമുഖങ്ങള്‍ എടുക്കുന്നു....
ആറാട്ട് പോലൊരു ദുരന്തത്തില്‍ മോഹന്‍ലാല്‍ ആറാടി എന്നൊക്കെ പറഞ്ഞത് കേട്ടപ്പോള്‍ കക്ഷി ഒരു മമ്മൂട്ടി ഫാന്‍ ആണെന്നാണ് എനിക്ക് തോന്നിയത്..മോഹന്‍ലാല്‍ എന്ന അസാമാന്യ പ്രതിഭയെ അധിക്ഷേപിച്ച പോലെയാണ് എനിക്ക്ആ അഭിപ്രായം തോന്നിയത്..അന്നയാള്‍ താരാരാധന മൂത്ത ഒരു വിഡ്ഢി എന്നാണ് ഞാന്‍ ചിന്തിച്ചത്..
പിന്നീട് ഓരോ സിനിമ ഇറങ്ങുമ്പോഴും അയാള്‍ക്ക് പിന്നാലെ അഭിപ്രായങ്ങള്‍ തേടി പായുന്ന സോഷ്യല്‍ മീഡിയയെ കാണുമ്പോള്‍ പുച്ഛവും തോന്നി..
പക്ഷെ ഇന്ന് നോക്കുമ്പോള്‍ പ്രകൃതി അയാള്‍ക്കായി നടത്തിയ ഒരു ഗൂഢാലോചന പോലെ തോന്നുന്നു...
നഷ്ട്ടപെട്ട പ്രണയത്തിന്റെ തീച്ചൂളയില്‍ അയാള്‍ കേരളത്തില്‍ ആറാടുകയാണ്...
ഒന്നും നടക്കില്ല എന്ന് ചിന്തിക്കാതെ എന്തും നടക്കും എന്ന് ചിന്തിച്ചു മുന്നോട്ട് പോകുക..
ലക്ഷ്യം സത്യമാണെങ്കില്‍ ആഗ്രഹങ്ങള്‍ക്ക് വിലങ് തടിയില്ല എന്ന് തെളിയിക്കുക ആണ് സന്തോഷ് വര്‍ക്കി..