രേണുക വേണു|
Last Modified ചൊവ്വ, 13 ജനുവരി 2026 (13:36 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അജു വര്‍ഗീസ്. ഹാസ്യനടനായി ആദ്യം മലയാളികളുടെ ഹൃദയം കവര്‍ന്ന അജു സ്വഭാവനടനായും മികവ് തെളിയിച്ച നടനാണ്. അടുത്തിടെ ഇറങ്ങിയ സര്‍വം മായ എന്ന സിനിമയില്‍ അജു വര്‍ഗീസ് അവതരിപ്പിച്ച രൂപേന്ദു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അജു വര്‍ഗീസിന്റെ ഏറ്റവും പുതിയ സിനിമയായ പ്ലൂട്ടോയിലെ താരത്തിന്റെ ലുക്കാണ് ചര്‍ച്ചയായിരിക്കുന്നത്.
മൊട്ടയടിച്ച് മീശ മാത്രം വെച്ചുള്ള ടൈഗര്‍ തമ്പി എന്ന കഥാപാത്രത്തെയാണ് അജു സിനിമയില്‍ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ വന്നത് മുതല്‍ പുതിയ ലുക്കിനെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ബാലരമയിലെ ജമ്പനും തുമ്പനും ഫാന്റത്തിലെ മനോജ് കെ ജയന്‍ തുടങ്ങി കുഞ്ഞികൂനനിലെ വാസു അണ്ണന്‍ വരെയുള്ള കഥാപാത്രങ്ങളുമായാണ് അജുവിന്റെ പുതിയ ലുക്കിനെ ആരാധകര്‍ താരതമ്യപ്പെടുത്തുന്നത്.
അജു വര്‍ഗീസിന്റെ നോട്ടമെല്ലാം കുഞ്ഞികൂനനിലെ വാസു അണ്ണനെ ഓര്‍മിപ്പിക്കുന്നുവെന്നാണ് ചില ആരാധകര്‍ പറയുന്നത്. നീരജ് മാധവാണ് പ്ലൂട്ടോയിലെ നായകന്‍. കരിക്കിലൂടെ ശ്രദ്ധ നേടിയ ആദിത്യന്‍ ചന്ദ്രശേഖറാണ് പ്ലൂട്ടോയുടെ സംവിധായകന്‍. ആര്‍ഷ ചാന്ദ്‌നി, അല്‍ത്താഫ് സലീം എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.