അഭിനയത്തില്‍ ശരീരത്തിനുള്ള പ്രാധാന്യം മമ്മൂട്ടിക്കറിയാം, ഏറ്റവും അച്ചടക്കമുള്ള നടന്‍; പുകഴ്ത്തി അടൂര്‍

രേണുക വേണു| Last Modified വെള്ളി, 6 ഓഗസ്റ്റ് 2021 (10:42 IST)

വെള്ളിത്തിരയില്‍ എത്തിയിട്ട് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മഹാനടന്‍ മമ്മൂട്ടിയെ വാനോളം പുകഴ്ത്തി വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. തുടര്‍ച്ചയായി തന്റെ സിനിമകളില്‍ മമ്മൂട്ടിയെ അഭിനയിപ്പിക്കാനുള്ള കാരണം വ്യക്തമാക്കുകയായിരുന്നു അടൂര്‍. മമ്മൂട്ടി വളരെ അച്ചടക്കവും കൃത്യനിഷ്ഠയുമുള്ള നടനാണെന്ന് അടൂര്‍ പറഞ്ഞു.

'മമ്മൂട്ടിയുടെ കൃത്യനിഷ്ഠയും അച്ചടക്കവുമാണ് അദ്ദേഹത്തെ തുടര്‍ച്ചയായി മൂന്ന് സിനിമകളില്‍ അഭിനയിപ്പിക്കാന്‍ കാരണം. വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും മമ്മൂട്ടിക്ക് കൃത്യനിഷ്ഠയുണ്ട്. ഇത്രയും അച്ചടക്കമുള്ള ഒരു അഭിനേതാവിനൊപ്പം സിനിമ ചെയ്യുക എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. സിനിമ സെറ്റില്‍ അദ്ദേഹം കൃത്യസമയത്ത് എത്തും. അദ്ദേഹത്തിനു ഒരു കാര്യത്തിലും പരാതിയില്ല. അഭിനയത്തില്‍ ശരീരത്തിനു വലിയ പ്രാധാന്യമുണ്ടെന്ന് മനസിലാക്കുന്ന വ്യക്തി കൃത്യമായി ബോഡി ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കും. ശാരീരിക ക്ഷമത നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തും. ഞാന്‍ സിനിമ ചെയ്തിട്ടുള്ള അഭിനേതാക്കളില്‍ ഈ ഗുണം ഉള്ള ഏക നടന്‍ മമ്മൂട്ടി മാത്രമാണ്,' അടൂര്‍ പറഞ്ഞു.

മമ്മൂട്ടിയും അടൂരും തമ്മില്‍ വളരെ ഹൃദ്യമായ സൗഹൃദമുണ്ട്. അടൂര്‍ സിനിമകളില്‍ അഭിനയിക്കാന്‍ ഇന്നും കൊതിക്കുന്ന നടനാണ് മമ്മൂട്ടി. മമ്മൂട്ടിയെ നായകനാക്കി അടൂര്‍ സംവിധാനം ചെയ്ത വിധേയനും മതിലുകളും മലയാളത്തിലെ ക്ലാസിക് സൃഷ്ടികളായി ഇന്നും നിലനില്‍ക്കുകയാണ്. മതിലുകള്‍ സിനിമയുടെ സമയത്ത് മമ്മൂട്ടിക്ക് മാത്രമായി ഒരു വിട്ടുവീഴ്ച നടത്തിയതിനെ കുറിച്ച് അടൂര്‍ ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

അഭിനേതാക്കള്‍ക്ക് തിരക്കഥ പൂര്‍ണമായി വായിക്കാന്‍ കൊടുക്കാത്ത ആളാണ് അടൂര്‍. എന്നാല്‍, മതിലുകള്‍ ചെയ്യുന്ന സമയത്ത് മമ്മൂട്ടിക്കായി ആ പതിവ് തെറ്റിക്കേണ്ടിവന്നു. തിരക്കഥ വായിക്കാന്‍ നല്‍കുമോ എന്ന് മമ്മൂട്ടി അടൂരിനോട് ചോദിച്ചിരുന്നു. ജീവിച്ചിരിക്കുന്ന ബഷീറിന്റെ കഥയാണ് മതിലുകളിലൂടെ അടൂര്‍ സിനിമയാക്കുന്നത്. ബഷീറിനെ അവതരിപ്പിക്കുന്നത് സാക്ഷാല്‍ മമ്മൂട്ടിയും. ജീവിച്ചിരിക്കുന്ന ആളെ അവതരിപ്പിക്കേണ്ടതിനാല്‍ മമ്മൂട്ടിക്ക് തിരക്കഥ വായിക്കാന്‍ നല്‍കാന്‍ അടൂര്‍ സമ്മതിച്ചു. മമ്മൂട്ടിയുടെ കാര്യത്തില്‍ ഒരു 'എക്‌സപ്ഷന്‍' എന്നു പറഞ്ഞാണ് അന്ന് തിരക്കഥ വായിക്കാന്‍ നല്‍കിയതെന്നും അടൂര്‍ പറയുന്നു.

തിരക്കഥ വായിച്ചു കഴിഞ്ഞപ്പോള്‍ മമ്മൂട്ടി വളരെ ത്രില്ലിലായി. ബഷീറായി അഭിനയിക്കാനുള്ള വലിയ താല്‍പര്യത്തിലായിരുന്നു അദ്ദേഹം. ഒരു സിനിമയുടെ തിരക്കഥ എങ്ങനെയായിരിക്കണമെന്ന് അറിയണമെങ്കില്‍ ഈ സ്‌ക്രിപ്റ്റ് വായിച്ചുനോക്കിയാല്‍ മതിയെന്ന് മമ്മൂട്ടി പല തിരക്കഥാകൃത്തുക്കളോടും പറയുകയും ചെയ്തു. മതിലുകളില്‍ അഭിനയിക്കാന്‍ മമ്മൂട്ടി അത്രയേറെ എക്സൈറ്റഡായിരുന്നു എന്നാണ് അടൂര്‍ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :