രേണുക വേണു|
Last Modified ഞായര്‍, 22 ഫെബ്രുവരി 2026 (10:39 IST)
ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ പരസ്യമായി പിന്തണുക്കുന്നു എന്ന് പറഞ്ഞാല്‍ അവര്‍ ചെയ്യുന്ന എല്ലാ കാങ്ങളെയും അന്ധമായി പുകഴ്ത്തുന്നു എന്നല്ലെന്ന് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. തന്റെ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ചുള്ള വിയോജിപ്പുകളും നിര്‍ദേശങ്ങളും എന്നുമുണ്ടാകും. അതിന്റെ ഗുണങ്ങളെ കുറിച്ചും ദോഷത്തെ കുറിച്ചും മനസിലാക്കി മുന്നോട്ട് പോകും. കാലത്തിനനുസരിച്ച് തന്റെ ചിന്താഗതിയില്‍ മാറ്റം വന്നേക്കാമെങ്കിലും തന്റെ നിലപാടുകള്‍ എന്നും സ്വതന്ത്രമായിരിക്കുമെന്ന് നടി ഫേസ്ബുക്കില്‍ കുറിച്ചു.
കോട്ടയത്ത് നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച 'പ്രൈവറ്റ്' എന്ന ചിത്രത്തിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മീനാക്ഷിയുടെ പ്രതികരണം. നമ്മള്‍ ചെയ്യുന്ന ജോലിയും വ്യക്തി ജീവിതത്തിലെ കാഴ്ചപ്പാടുകളും എപ്പോഴും ഒന്നായിരിക്കണമെന്ന് തോന്നുന്നില്ലെന്നും മീനാക്ഷി കൂട്ടിച്ചേര്‍ത്തു.
മീനാക്ഷിയുടെ പ്രതികരണം
ഇപ്പോൾ കോട്ടയത്ത് നടന്നുകൊണ്ടിരിക്കുന്ന ഫിലിം ഫെസ്റ്റിവലിൽ എൻ്റെ 'പ്രൈവറ്റ് ' എന്ന ചിത്രം ഇന്ന് പ്രദർശനത്തിനുണ്ടായിരുന്നു എൻ്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്ന് ... ആ ചിത്രത്തിലെ രാഷ്ട്രീയവുമായി ചേർന്നു പോകുന്നയാളാണോ എന്നൊരു ചോദ്യവുമുണ്ടായി...
നമ്മൾ ചെയ്യുന്ന ജോലിയും നമ്മുടെ വ്യക്തിജീവിതത്തിലെ രാഷ്ട്രീയ കാഴ്ചപ്പാടുകളും എപ്പോഴും ഒന്നായിരിക്കണം എന്ന് തോന്നുന്നില്ല.
കേവലം 20 വയസ്സുള്ള ഒരു പെൺകുട്ടി എന്ന നിലയിൽ എന്റേതായ ചില നിലപാടുകളും ഇഷ്ടങ്ങളുമുണ്ട്. അതിനോട് ചേർന്നുനിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളോ നേതാക്കളോ (എല്ലാ പാർട്ടികളിലും)
ഉണ്ടാകാം എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. എന്നാൽ, ഞാൻ ഒരു പ്രത്യേക രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നു എന്ന് പരസ്യമായി പറഞ്ഞാൽ, ആ പ്രസ്ഥാനം എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും ഞാൻ കണ്ണടച്ച് അംഗീകരിക്കുന്നു എന്നൊരു തെറ്റായ വ്യാഖ്യാനം അവിടെ ഉണ്ടായേക്കാം.
ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലർത്തുക എന്നതിനർത്ഥം അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും അന്ധമായി പുകഴ്ത്തുക എന്നല്ല. എന്റെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ചുള്ള വിയോജിപ്പുകളും നിർദ്ദേശങ്ങളും എനിക്ക് എപ്പോഴുമുണ്ടാകും. ഒന്നിനെ ഇഷ്ടപ്പെടുക എന്നാൽ അതിന്റെ ഗുണങ്ങളെയും ദോഷങ്ങളെയും ഒരുപോലെ തിരിച്ചറിഞ്ഞുക്കൊണ്ട് മനസ്സിലാക്കുക എന്നാണ് ഞാൻ കരുതുന്നത്. കാലത്തിനനുസരിച്ച് എന്റെ ഈ ചിന്താഗതികളിൽ മാറ്റങ്ങൾ വന്നേക്കാമെങ്കിലും, എന്റെ വ്യക്തിത്വവും നിലപാടുകളും എന്നും സ്വതന്ത്രമായിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.