അഭിറാം മനോഹർ|
Last Modified വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (10:53 IST)
നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മകള്‍ അവന്തിക. മദ്യപിച്ചെത്തി തന്റെ അമ്മയെ തല്ലുമായിരുന്നുവെന്നും കോടതിയില്‍ നിന്നും തന്നെ വലിച്ചിഴച്ചുകൊണ്ടുപോയി ചെന്നൈയിലെ വീട്ടില്‍ പൂട്ടിയിട്ടെന്നും ഭക്ഷണം പോലും നല്‍കിയില്ലെന്നും അവന്തിക വീഡിയോയില്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് അവന്തികയുടെ പ്രതികരണം. തന്റെ അമ്മയ്ക്കും കുടുംബത്തിനും എതിരെ നടക്കുന്ന വ്യാജ ആരോപണങ്ങള്‍ അവസാനിപ്പിക്കണമെന്നും അവന്തിക ആവശ്യപ്പെട്ടു.
എന്നെയും എന്റെ കുടുംബത്തെയും ബന്ധപ്പെട്ട കാര്യങ്ങളെ പറ്റിയാണ് ഞാന്‍ പറയുന്നത്. ശരിക്ക് ഇതൊന്നും പറയാന്‍ എനിക്കിഷ്ടമില്ല. പക്ഷേ എന്റെ അമ്മയും കുടുംബവും ദുഖിച്ചിരിക്കുന്നത് കണ്ടുമടുത്ത്. അത് എന്നെയും ബാധിക്കുന്നുണ്ട്. എന്നെയും എന്റെ അമ്മയേയും പറ്റി തെറ്റായ ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. സ്‌കൂളില്‍ പോകുമ്പോഴും എനിക്ക് ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നു. ഞാനും അമ്മയും വളരെ മോശമാണെന്നാണ് പലരും കരുതുന്നത്.
എന്റെ അച്ഛന്‍ ഒരുപാട് വീഡിയോയും അഭിമുഖങ്ങളും ചെയ്തിട്ടുണ്ട്. എന്നെ ഭയങ്കര ഇഷ്ടമാണ്, മിസ് ചെയ്യുന്നു എന്നൊക്കെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതില്‍ സത്യമില്ല. സത്യം പറഞ്ഞാല്‍ അച്ഛനെ ഇഷ്ടപ്പെടാന്‍ എനിക്ക് ഒരു കാരണവുമില്ല. എന്നെയും എന്റെ അമ്മയേയും അമ്മാമ്മയേയും ആന്റിയേയുമെല്ലാം അച്ഛന്‍ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിട്ടുണ്ട്. ഞാന്‍ ചെറുതാകുമ്പോള്‍ വീട്ടില്‍ മദ്യപിച്ചെത്തി അമ്മയെ തല്ലുമായിരുന്നു. എനിക്കൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ ഞാന്‍ കുഞ്ഞല്ലേ. എനിക്ക് നല്ല വിഷമമാകും. എന്റെ കുടുംബം വളരെ കഷ്ടപ്പെട്ടാണ് എന്നെ വളര്‍ത്തുന്നത്. ഒരു കാര്യത്തിന് പോലും എന്നെ തല്ലിയിട്ടില്ല.
എന്റെ അച്ഛന്‍ അഭിമുഖങ്ങളില്‍ അമ്മയെ പറ്റി തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. എന്റെ അമ്മയെ കുറെ തല്ലിയിട്ടുണ്ട്. ഉപദ്രവിച്ചിട്ടുണ്ട്. കുഞ്ഞായിരിക്കുമ്പോള്‍ ഒരിക്കല്‍ മദ്യപിച്ചെത്തി ഒരു ചില്ല് കുപ്പി എന്റെ മുഖത്തേക്ക് എറിയാന്‍ നോക്കി. അമ്മ തടുത്തത് കൊണ്ട് ഒന്നും സംഭവിച്ചില്ല. ഒരു പ്രാവശ്യം കോടതിയില്‍ നിന്നും വലിച്ചിഴച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയി. മുറിയില്‍ പൂട്ടിയിട്ടു. എനിക്ക് ഭക്ഷണമോ ഒന്നും തന്നില്ല. ഇങ്ങനെയുള്ളവരെയാണ് നിങ്ങള്‍ വിശ്വസിക്കുന്നത്. അദ്ദേഹം പറയുന്നതെല്ലാം കള്ളമാണ്.
അച്ഛന്‍ എന്ന നിലയില്‍ അവകാശമില്ലെ, കാണണ്ടേ എന്നെല്ലാം അദ്ദേഹം പറയുന്നത് കേട്ടു. എനിക്ക് നിങ്ങളുടെ മുഖം കാണണമെന്നോ സംസാരിക്കണമോ എന്നില്ല. മിസ് ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ ഫോണ്‍ വിളിച്ചിട്ടുണ്ടോ, കത്തയച്ചിട്ടുണ്ടോ. എനിക്ക് നിങ്ങളുടെ ഒരു സാധനവും വേണ്ട. അസുഖബാധിതനായപ്പോള്‍ ഞാന്‍ പോയത് അമ്മ പറഞ്ഞതുകൊണ്ടാണ്. അല്ലാതെ അവിടെ പോകാന്‍ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. എന്നെയും എന്റെ കുടുംബത്തെയും വെറുതെ വിടണം. ഞങ്ങള്‍ സന്തോഷത്തിലാണ്. നിങ്ങളുടെ സ്‌നേഹമോ ഒന്നും എനിക്ക് വേണ്ട.
നിങ്ങള്‍ കരുതും എന്റെ അമ്മ നിര്‍ബന്ധിച്ചാണ് വീഡിയോ ഇടുന്നതെന്ന്. ഇവിടെ അമ്മയില്ല. അമ്മ ജോലിയ്ക്ക് പോയിരിക്കുകയാണ്.ഞാന്‍ അമ്മയോട് പറഞ്ഞിട്ടുണ്ട് ഇങ്ങനെയൊരു വീഡിയോ ചെയ്യാന്‍. എന്നാല്‍ എന്നെ വലിച്ചിഴയ്ക്കാന്‍ അമ്മയ്ക്ക് താത്പര്യമില്ല. എന്റെ ഹൃദയത്തില്‍ നിന്നാണ് ഞാനിത് പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ അവന്തിക പറയുന്നു.