BIJU|
Last Modified ചൊവ്വ, 19 ജൂണ്‍ 2018 (14:50 IST)
ഗ്രേറ്റ്ഫാദര്‍ എന്ന തകര്‍പ്പന്‍ ഹിറ്റിന് ശേഷം മമ്മൂട്ടിയോട് ഹനീഫ് അദേനി ഒരു കഥ പറയാന്‍ തീരുമാനിച്ചു. ‘അബ്രഹാമിന്‍റെ സന്തതികള്‍’ എന്ന കഥ. മമ്മൂട്ടിക്ക് മുമ്പ് ഈ കഥ അസോസിയേറ്റ് ഡയറക്‍ടറായ ഷാജി പാടൂരിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് അത് വളരെ ഇഷ്ടമായി. മാത്രമല്ല, അദ്ദേഹം മറ്റൊരു ആഗ്രഹം പ്രകടിപ്പിച്ചു.
“ഈ കഥ എനിക്ക് സംവിധാനം ചെയ്താല്‍ കൊള്ളാമെന്നുണ്ട്” - ഷാജിയുടെ ആഗ്രഹം കേട്ടപ്പോഴേ ഹനീഫ് അദേനി പൂര്‍ണ മനസോടെ കഥ അദ്ദേഹത്തിന് നല്‍കി. മമ്മൂട്ടി ഈ കഥ കേട്ടപ്പോള്‍ ആദ്യം അദ്ദേഹം മറ്റൊരു ഗ്രേറ്റ്ഫാദര്‍ എന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ തിരക്കഥയിലെ ആദ്യ 20 സീന്‍ കേട്ടപ്പോള്‍ ഇത് ഗ്രേറ്റ്ഫാദറല്ല, അതുക്കും മേലെയാണെന്ന് മഹാനടന് ബോധ്യമായി. ഹീറോയിസത്തിന്‍റെ പരകോടിയായിരുന്നു ആദ്യ 20 മിനിറ്റുകള്‍.
പിന്നീടുണ്ടായത് ചരിത്രം. അബ്രഹാമിന്‍റെ സന്തതികള്‍ അടുത്ത 100 കോടി ക്ലബ് ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്. റിലീസായ ഒരു സെന്‍ററിലും തിരക്കൊഴിയുന്നില്ല. കൊടുംമഴയിലും ജനസാഗരമാണ് തിയേറ്ററുകളില്‍. ഡെറിക് ഏബ്രഹാം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ് കഥാപാത്രമായി മാറി. ഒപ്പം മമ്മൂട്ടിയെ ജനങ്ങളുടെ പള്‍സറിഞ്ഞ് അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള ഹനീഫ് അദേനി എന്ന പ്രതിഭയും ഈ സിനിമ നല്‍കിയ സമ്മാനമാണ്. മലയാളത്തില്‍ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാകൃത്തായി അദേനിയും മാറുകയാണ്.
ഓരോ ദിവസവും കളക്ഷന്‍ കൂടിവരുന്ന കാഴ്ചയാണ് തിയേറ്ററുകളില്‍ കാണാനാകുന്നത്. കൂടുതല്‍ സെന്‍ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. ഒപ്പം മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യത്തിന് പുറത്തും അബ്രഹാമിന്‍റെ സന്തതികള്‍ റിലീസാകുന്നു.