BIJU|
Last Modified തിങ്കള്‍, 18 ജൂണ്‍ 2018 (15:09 IST)
‘അബ്രഹാമിന്‍റെ സന്തതികളു’ടെ കളക്ഷന്‍ തുടിച്ചുതുള്ളി പതഞ്ഞു പെരുകുകയാണ്. ചിത്രം ആദ്യ മൂന്നുദിനങ്ങള്‍ കൊണ്ട് 10 കോടി കളക്ഷന്‍ നേടിയതായാണ് അനൌദ്യോഗിക വിവരം. എണ്ണത്തില്‍ താരതമ്യേന കുറവ് സെന്‍ററുകളില്‍ റിലീസ് ചെയ്തിട്ടും ഈ സിനിമ നേടുന്ന അഭൂതപൂര്‍വ്വമായ കളക്ഷന്‍ ഏവരെയും അമ്പരപ്പിക്കുകയാണ്. മിക്ക സെന്‍ററുകളിലും ചിത്രത്തിന് അധിക ഷോകള്‍ വേണ്ടിവരുന്നു.
മമ്മൂട്ടി ഡെറിക് ഏബ്രഹാം എന്ന തകര്‍പ്പന്‍ കഥാപാത്രമായി നിറഞ്ഞുനില്‍ക്കുന്ന സിനിമ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ചതാണ് ഇത്രയും വലിയ ഒരു മഹാവിജയത്തിലേക്ക് നയിച്ചത്. മിക്ക സെന്‍ററുകളിലും ടിക്കറ്റുകള്‍ കിട്ടാതെ തിരിച്ചുപോകുന്നത് ആയിരങ്ങളാണ്. ഉടന്‍ തന്നെ ചിത്രത്തിന്‍റെ കൂടുതല്‍ പ്രിന്‍റുകള്‍ പ്രദര്‍ശനത്തിനെത്തിക്കുമെന്നാണ് അറിയുന്നത്.
ഹനീഫ് അദേനിയുടെ തിരക്കഥയും ഷാജി പാടൂരിന്‍റെ സംവിധാനമികവും അബ്രഹാമിന്‍റെ സന്തതികളെ ഒരു ഹോളിവുഡ് ത്രില്ലറിന്‍റെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. ആല്‍ബിയുടെ ഛായാഗ്രഹണവും ഗോപി സുന്ദറിന്‍റെ ബിജിഎമ്മും ഗംഭീരം.
അബ്രഹാമിന്‍റെ സന്തതികള്‍ പത്തുദിവസത്തിനുള്ളില്‍ 50 കോടി ക്ലബില്‍ ഇടം പിടിക്കുമെന്നാണ് വിവരം. എന്തായാലും ഗ്രേറ്റ്ഫാദറിന് ശേഷം മമ്മൂട്ടിയുടെ ഗ്രേറ്റ് വിജയമായി ഈ സിനിമ മാറുകയാണ്.