അഭിറാം മനോഹർ|
Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (19:56 IST)
കഴിഞ്ഞ വർഷമാണ് താരദമ്പതിമാരായ ആമിർഖാനും ഭാര്യ കിരൺ റാവുവും വേർപിരിഞ്ഞത്. പരസ്പരം സുഹൃത്തുക്കളായിരികുമെന്നും എന്നാൽ ദമ്പതികൾ എന്ന രീതിയിൽ ജീവിതം തുടരാൻ താത്പര്യം ഇല്ലെന്നുമായിരുന്നു ഇരുവരും ചേർന്ന് പരസ്യമായി പറഞ്ഞത്. കിരൺ റാവുവിനെ വിവാഹം ചെയ്യുന്നതിന് മുൻപ് റീനാ ദത്തയായിരുന്നു ആമീറിൻ്റെ പങ്കാളി. താനിപ്പോഴും രണ്ടുപേരോടുമുള്ള സൗഹൃദം തുടരുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആമീർ ഖാൻ ഇപ്പോൾ.
കരൺ ജോഹറിൻ്റെ കോഫി വിത്ത് കരൺ എന്ന പരിപാടിക്കിടെയായിരുന്നു ആമിർ ഇക്കാര്യം പറഞ്ഞത്. കിരണിനോടും റീനയോടും തനിക്ക് വലിയ സ്നേഹാദരങ്ങളാണുള്ളതെന്നും എത്ര തിരക്കുണ്ടെങ്കിലും ആഴ്ചയിലൊരിക്കൽ തങ്ങൾ ഒത്തുകൂടാറുണ്ടെന്നുമാണ് ആമിർ പറയുന്നത്. റീനാ ദത്തയിൽ ഇറാ ഖാൻ,ജുനൈദ് ഖാൻ എന്നിങ്ങനെ രണ്ട് മക്കളാണ് ആമീറിനുള്ളത്. കിരണിൽ ആസാദ് റാവു ഖാൻ എന്ന മകനുമുണ്ട്.
ലാൽ സിങ് ചദ്ദയാണ് ആമിറിൻ്റേതായി ഉടൻ തിയേറ്ററുകളിലെത്തുന്ന ചിത്രം. കരീന കപൂർ,നാഗ ചൈതന്യ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.