അഭിറാം മനോഹർ|
Last Modified തിങ്കള്‍, 25 മാര്‍ച്ച് 2024 (19:56 IST)
മലയാളികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന സിനിമയാണ് ബ്ലെസിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ആടുജീവിതം എന്ന സിനിമ. ബെന്യാമിന്‍ രചിച്ച ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമയൊരുങ്ങുന്നത് എന്ന് തന്നെയാണ് ആടുജീവിതത്തിന്റെ പ്രധാന ആകര്‍ഷണം. കൊവിഡ് മഹാമാരി ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ 6 വര്‍ഷത്തോളം സമയമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാളത്തിന് പുറമെ ഹിന്ദി,തെലുങ്ക്,കന്നഡ,തമിഴ് ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അഡ്വാന്‍സ് ബുക്കിങ്ങില്‍ ഞെട്ടിക്കുകയാണ് ആടുജീവിതം.
കേരളത്തില്‍ നിന്ന് മാത്രം ഇതുവരെ 1.05 ലക്ഷം ടിക്കറ്റുകള്‍ ഇതിനകം വിറ്റഴിഞ്ഞതായി ബോക്‌സോഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നു. 1.75 കോടിയാണ് ഇതിനകം സിനിമ നേടിയിരിക്കുന്നത്. സിനിമയെ പ്രേക്ഷകര്‍ എത്രമാത്രം കാത്തിരിക്കുന്നു എന്നതാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. 28ന് സിനിമ റിലീസ് ചെയ്യാനിരിക്കെ ഇന്നലെ അര്‍ധരാത്രിക്ക് മുന്‍പുള്ള കണക്കുകളാണിത്. ഇനിയുള്ള 3 ദിവസം അഡ്വാന്‍സ് ബുക്കിങ് ഇനിയുമേറെ ഉയരുമെന്ന് ഉറപ്പാണ്. കേരളത്തിന് പുറത്തുള്ള ബുക്കിങ് കൂടി കണക്കിലെടുത്താല്‍ ആദ്യദിനം തന്നെ വമ്പന്‍ കളക്ഷന്‍ സിനിമ നേടുമെന്ന് ഉറപ്പ്.
ആദ്യദിനം പോസിറ്റീവ് അഭിപ്രായം കൂടി നേടാനായാല്‍ ബോക്‌സോഫീസിലെ പല വമ്പന്‍ നേട്ടങ്ങളും തകര്‍ക്കാന്‍ ആടുജീവിതത്തിനാകും. ഇതുവരെ ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത സ്‌ക്രീനുകളാണ് ആടുജീവിതത്തിന് തമിഴ്‌നാട്ടിലും കര്‍ണാടകയിലും തെലങ്കാനയിലുമെല്ലാം ലഭിച്ചിട്ടുള്ളത്. സിനിമയ്ക്കായി ഇന്ത്യയാകെ വമ്പന്‍ പ്രമോഷനും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരുന്നു. മാര്‍ച്ച് 28ന് ശേഷം ഏപ്രില്‍ 11ന് മാത്രമാണ് മലയാളത്തില്‍ നിന്നും വമ്പന്‍ റിലീസുകളുള്ളത്. അതിനാല്‍ തന്നെ രണ്ടാഴ്ച എതിരാളികളായി മലയാളം സിനിമകള്‍ ഇല്ലാ എന്നതും ആടുജീവിതത്തിന്റെ ബോസോഫീസ് കളക്ഷനെ സഹായിക്കും.