അഭിറാം മനോഹർ|
Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (14:48 IST)
തമിഴകത്തെ
നടിപ്പിൻ നായകൻ സൂര്യ വെള്ളിത്തിരയിലെത്തിയിട്ട് 25 വർഷം പൂർത്തിയാകുന്നു. മാസ് ചിത്രങ്ങൾക്കൊപ്പം കലാമൂല്യമുള്ള ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെയും ശ്രദ്ധേയനായ സൂര്യ നിർമാതാവെന്ന രീതിയിലും തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. അഭിനയരംഗത്ത് 25 വർഷം പൂർത്തിയാക്കുന്ന വർഷത്തിൽ തന്നെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും താരത്തിന് ലഭിച്ചു എന്നത് ഏറെ സന്തോഷം നൽകുന്നതാണ്.
ശരിക്കും മനോഹരവും അനുഗ്രഹീതവുമായ 25 വര്‍ഷങ്ങള്‍. സ്വപ്‍നവും വിശ്വാസവും എന്നാണ് 25 വർഷങ്ങൾ സിനിമയിൽ പൂർത്തിയാകുമ്പോൾ സൂര്യ ട്വീറ്റ് ചെയ്തത്. 1997ൽ നേർക്കുനേർ എന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം തന്നെ ശക്തമായ കഥാപാത്രമായാണ് സൂര്യ സിനിമയിലേക്കെത്തിയത്. ആദ്യകാലത്ത് കാര്യമായ അഭിനയ ശേഷിയില്ലെന്നും ഡാൻസ് കളിക്കാൻ അറിയില്ലെന്നുമുള്ള ഒട്ടേറെ വിമർശനങ്ങൾ സൂര്യയ്ക്ക് നേരിടേണ്ടി വന്നു. പൂവെല്ലം കേട്ടുപാർ,ഫ്രണ്ട്സ് എന്നീ ചിത്രങ്ങളായിരുന്നു അക്കാലത്തെ സൂര്യയുടെ പ്രധാന ഹിറ്റ് ചിത്രങ്ങൾ.
2003ൽ പുറത്തിറങ്ങിയ ഗൗതം മേനോൺ ചിത്രമായ കാക്ക കാക്ക എന്ന ചിത്രമാണ് സൂര്യയ്ക്ക് കരിയറിൽ വലിയ ബ്രേക്ക് സമ്മാനിച്ചത്. തുടർന്ന് പിതാമഗൻ എന്ന സിനിമയിലൂടെ മികച്ച നടനെന്ന പേരും സൂര്യ നേടിയെടുത്തു. കുഞ്ഞികൂനൻ്റെ തമിഴ് റേമേയ്ക്കായ പേരഴകനിലൂടെ മികച്ച നടനുള്ള ആദ്യ തമിഴ് ഫിലിം ഫെയർ പുരസ്കാരം താരം നേടി.
2004ൽ പുറത്തിറങ്ങിയ ഗജിനി തുടർന്ന് വന്ന സില്ലിന് ഒരു കാതൽ,ആറു,വാരണം ആയിരം, അയൻ എന്ന ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ വലിയ കൂട്ടം ആരാധകരെ സൃഷ്ടിക്കാൻ സൂര്യയ്ക്കായി. 2010ൽ പുറത്തുവന്ന സിംഗം സീരീസ് പിന്നീട് ബോളിവുഡിലേക്കും പകർത്തപ്പെട്ടു. 2014 മുതൽ 2019 വരെയുള്ള കാലയളവിൽ വലിയ വിജയങ്ങൾ ഒന്നും തന്നെ സൃഷ്ടിക്കാൻ സൂര്യയ്ക്കായില്ല. 2020ൽ പുറത്തിറങ്ങിയ സുററൈ പോട്രു ഒരേ സമയം സൂര്യ എന്ന നടൻ്റെയും താരത്തിൻ്റെയും തിരിച്ചുവരവായിരുന്നു.
സുററൈ പോട്രിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ താരം സിനിമാ നിർമാണത്തിലും തൻ്റെ കയ്യൊപ്പ് പതിപ്പിച്ചു.സൂര്യയുടെയും ജ്യോതികയുടെയും പേരിലുള്ള നിർമാണ കമ്പനിയായിരുന്നു സുററൈ പോട്രു എന്ന ചിത്രം നിർമിച്ചത്. ജൈ ഭീം,കടൈക്കുട്ടി സിംഗം,24 എന്നീ സിനിമകൾ പുറത്തുവന്നതും സൂര്യയുടെ നിർമാണ കമ്പനിയായ 2ഡി എൻ്റർടൈന്മെൻ്സിൽ നിന്നാണ്.